capex-kollam

കൊല്ലം: കാപ്പെക്സിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാനേജിംഗ് ഡയറക്ടർ ആർ. രാജേഷിനെ അന്വേഷണ വിധേയമായി വീണ്ടും സസ്പെൻഡ് ചെയ്തു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്കിൽ തോട്ടണ്ടി വാങ്ങി സ്വകാര്യ വ്യക്തിയെ സഹായിച്ചു, ഇതിന്റെ പേരിൽ സസ്പെൻഷനിലായ സമയത്തെ ആനുകൂല്യങ്ങൾ സ്വയം ഉത്തരവിറക്കി കൈപ്പറ്റി തുടങ്ങിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുമേഖല സ്ഥാപനങ്ങളായ കാപ്പെക്സും കാഷ്യു കോർപ്പറേഷനും നേരിടുന്ന തോട്ടണ്ടി ക്ഷാമം പരിഹരിക്കാൻ നാടൻ തോട്ടണ്ടി കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ 2018ൽ സർക്കാർ തീരുമാനിച്ചിരുന്നു. കിലോഗ്രാമിന് 138 രൂപയാണ് വില നിശ്ചയിച്ചത്. കർഷകർക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലെന്നിരിക്കെ, സ്വകാര്യ വ്യക്തിയിൽ നിന്ന് 138 രൂപയ്ക്ക് പുറമേ ജി.എസ്.ടി കൂടി നൽകി തോട്ടണ്ടി ശേഖരിച്ചു. ഡയറക്ടർ ബോർഡ് ചേർന്ന ദിവസം തന്നെ ഇടപാടിന് താല്പര്യമറിയിച്ചുള്ള സ്വകാര്യ വ്യക്തിയുടെ ഇ- മെയിൽ ലഭിച്ചു. ഈ യോഗത്തിൽ വച്ച് ഇടപാട് ഉറപ്പിച്ചു. എന്നാൽ ഇയാൾക്ക് കരാർ പ്രകാരമുള്ള തോട്ടണ്ടി ലഭ്യമാക്കാനുള്ള ശേഷിയുണ്ടോ, നേരിട്ട് കൃഷിയുണ്ടോ തുടങ്ങിയ റിപ്പോർട്ടുകൾ റവന്യൂ, കൃഷി വകുപ്പുകളിൽ നിന്ന് ലഭിച്ചില്ലെന്ന വിവരം എം.ഡി ഡയറക്ടർ ബോർഡിൽ നിന്ന് മറച്ചുവച്ചു. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ, സ്വകാര്യവ്യക്തി ഒരു ടൺ തോട്ടണ്ടി പോലും നൽകാൻ ശേഷിയുള്ള കർഷകനല്ലെന്ന് വ്യക്തമായി.

 തോട്ടണ്ടി വാങ്ങിയത് തമിഴ്നാട്ടിൽ നിന്ന്

തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ തോട്ടണ്ടിയാണ് കാപ്പെക്‌സിന് നൽകിയതെന്നതിന് ചെക്ക് പോസ്റ്റുകളിൽ നിന്ന് തെളിവുകൾ ലഭിച്ചു. കാസർകോട് നിന്ന് തോട്ടണ്ടി വാങ്ങിയതിലും സമാനമായ ക്രമക്കേടുകൾ നടന്നു. ആർ. രാജേഷിനെ 2019 മേയിൽ സസ്പെൻഡ് ചെയ്തു. 2021 ഫെബ്രുവരിയിൽ സർവീസിൽ തിരികെയെത്തിയ ഇദ്ദേഹം, സസ്പെൻഷൻ കാലയളവിലെ ആനുകൂല്യമെന്ന പേരിൽ 7.08 ലക്ഷം രൂപ സ്വയം ഉത്തരവിറക്കി കൈപ്പറ്റുകയായിരുന്നു.

ആർ. രാജേഷിനെ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റാൻ മന്ത്രി പി. രാജീവ് അടുത്തിടെ പാർട്ടിയോട് അനുമതി ചോദിച്ചിരുന്നു. പുതിയ എം.ഡിയെ നിയമിക്കുന്നതുവരെ കാഷ്യു കോർപ്പേറൻ എം.ഡി രാജേഷ് രാമകൃഷ്ണനാണ് പകരം ചുമതല.

'ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലുകൾ സി.എ.ജി പരിശോധിച്ച് തള്ളിയതാണ്. ഡയറക്ടർ ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടണ്ടി വാങ്ങിയത്. ഈ അജണ്ട യോഗത്തിൽ വച്ചത് അന്ന് കാപ്പെക്സ് ചെയർമാനായിരുന്ന ഇപ്പോഴത്തെ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവനാണ്'.

- ആർ. രാജേഷ്, കാപ്പെക്സ് എം.ഡി