മൈതാനത്തിലെ ഒരേക്കർ കളക്ട്രേറ്റർ
അനക്സ് നിർമ്മാണത്തിന് കൈമാറി
കൊല്ലം: ചരിത്രം ജ്വലിച്ചുനിൽക്കുന്ന പീരങ്കി മൈതാനം കോൺക്രീറ്റ് കൂടാരമാക്കാനൊരുങ്ങി റവന്യുവകുപ്പ്. മൂന്നര പതിറ്റാണ്ട് മുമ്പാണ് പീരങ്കി മൈതാനത്തിന്റെ ഒരുഭാഗത്ത് ലാൽബഹദൂർ സ്റ്റേഡിയം നിർമ്മിച്ചത്. ഇപ്പോൾ മൈതാനത്തിന്റെ റോഡിനോട് ചേർന്നുള്ള ഭാഗത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം നടക്കുകയാണ്. ശേഷിക്കുന്ന ഭൂമിയിൽ ഒരേക്കർ കളക്ട്രേറ്റ് അനക്സ് നിർമ്മാണത്തിന് രണ്ടാഴ്ച മുമ്പ് കളക്ടർ ഹൗസിംഗ് ബോർഡിന് കൈമാറി. ഈ ഭീമൻ കെട്ടിടം കൂടി വരുന്നതോടെ പീരങ്കി മൈതാനത്ത് ഗോലി കളിക്കാൻ പോലും ഇടമുണ്ടാകില്ല.
റവന്യു വകുപ്പിന്റെ കൈയിൽ പീരങ്കി മൈതാനത്തിന്റെ കൃത്യമായ വിസ്തൃതിയില്ല. റീ സർവേ രേഖകൾ പ്രകാരം 21.69 ഏക്കറാണ്. ഇതിൽ നിന്നാണ് ലാൽ ബഹദൂർ സ്റ്റേഡിയത്തിനും മറ്റ് സ്ഥാപനങ്ങൾക്കും സ്ഥലം വിട്ടുകൊടുത്തത്. പിന്നീട് പഴയ എൻ.എച്ച് 66നോട് ചേർന്ന് തുച്ഛമായ ഭൂമിയാണ് അവശേഷിച്ചത്. അതിൽ നിന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായി സ്ഥലം നൽകിയത്. അനുവദിച്ചതിനെക്കാൾ 20 സെന്റ് കൂടി അധികരിച്ചെടുത്താണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം നടക്കുന്നത്. റോഡിൽ നിന്ന് നോക്കിയാൽ മൈതാനം കാണാൻ പോലും കഴിയാത്ത തരത്തിലാണ് ഇവിടെ ഒരേക്കർ കളക്ട്രേറ്റ് അനക്സിന് നൽകുന്നത്. എട്ട് നിലകളുള്ള കെട്ടിടമാണ് ലക്ഷ്യം. വിവിധ സർക്കാർ ഓഫീസുകൾക്ക് പുറമേ ജില്ലയിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും തങ്ങാനുമുള്ള ആഡംബര മുറികളും അനക്സിൽ ലക്ഷ്യം വയ്ക്കുന്നു. വൈകാതെ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കി സർക്കാരിന്റെ അനുമതി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാണ ചുമതലയുള്ള ഹൗസിംഗ് ബോർഡ്.
മൈതാനം
പേരിലൊതുങ്ങും
നഗരത്തിൽ ആശ്രാമം മൈതാനം കഴിഞ്ഞാൽ കായിക പരിശീലനത്തിന് പൊതു ഉടമസ്ഥതയിൽ ആകെയുള്ള ഇടം കന്റോൺമെന്റ് മൈതാനമാണ്. അതിന് പുറമേ രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കളക്ട്രേറ്റ് അനക്സ് കൂടി പണിയുന്നതോടെ മൈതാനം എന്ന് പറയാൻ കഴിയാത്ത തരത്തിൽ നാമമാത്രമായ ഭൂമിയേ അവശേഷിക്കു. ശക്തമായ പ്രതിഷേധം ഉയർന്നില്ലെങ്കിൽ കോൺക്രീറ്റ് കാടൊരുക്കി ഇടിച്ചുനിരത്തുന്നത് ധീരമായ ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ്.
വീരചരിത്രം
വഴിമാറും
ചരിത്ര പ്രസിദ്ധമായ ചിങ്ങം 17 വിപ്ലവത്തിന്റെ ഓർമ്മ ഭൂമിയാണ് കന്റോൺമെന്റ് മൈതാനം. ബ്രട്ടീഷ് ഭരണത്തിനെതിരെ നടന്ന നിസഹകരണ സമരത്തിന്റെ ഭാഗമായി 1938 ചിങ്ങം 17ന് കന്റോൺമെന്റ് മൈതാനത്തേക്ക് റാലികൾ നടന്നു. പോളയത്തോട്, പാർവതി മിൽ എന്നിവിടങ്ങളിൽ നിന്നായിരുന്നു റാലി. പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരന്നവരെ അഭിസംബോധന ചെയ്യാൻ എത്തിയിരുന്നു. എന്നാൽ, ജനക്കൂട്ടത്തിന് നേരെ ബ്രട്ടീഷ് പൊലീസ് വെടിയുതിർത്തു. ആറ് പേർ കൊല്ലപ്പെട്ടു. കേരളത്തിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നിർണായക ഏടാണ് ഈ സംഭവം. മൈതാനം കോൺക്രീറ്റ് കൂടാരമാക്കുന്നത് ദേശീയ പ്രസ്ഥാനത്തോടുള്ള അവഗണന കൂടിയാണ്.