photo
കരുനാഗപ്പള്ളി ചിറ്റുമൂലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന തെങ്ങിൻതൈ ഉല്പാദന കേന്ദ്രത്തിൽ വളർത്തുന്ന തെങ്ങിൻ തൈകൾ.

കരുനാഗപ്പള്ളി: തെങ്ങിൻ തൈകളുടെ ഉത്പാദനത്തിൽ വിജയം കൊയ്യുകയാണ് കരുനാഗപ്പള്ളി ചിറ്റുമൂലയിലെ സംസ്ഥാന തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം. ജില്ലയിലെ ഏക തെങ്ങിൻ തൈ ഉല്പാദന കേന്ദ്രമാണിത്. തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അത്യുത്പാദന ശേഷിയും പ്രതിരോധ ശേഷിയും കൂടുതലുള്ള തെങ്ങിൻ തൈകളാണ് ഉത്പാദിപ്പിക്കുന്നത്. തൈകളുടെ ഉത്പാപാദനത്തിന് ആവശ്യമായ വിത്തു തേങ്ങകൾ കൃഷി ഭവൻ മുഖേന തൊട്ടിൽപ്പാലം, കുറ്റ്യാടി, വടകര, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്.

അത്യുത്പാദന ശേഷിയുള്ള തൈകൾ

ടി ആൻഡ് ഡി, ഡി ആൻഡ് ടി എന്നിവ അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളും പശ്ചിമതീര നെടിയൻ പ്രതിരോധ ശേഷി കൂടുതലുള്ള തെങ്ങിൻ തൈയ്യുമാണ്. വർഷത്തിൽ ഒരു ലക്ഷം തെങ്ങ തെങ്ങ് ഉല്പാദന കേന്ദ്രത്തിലെ ഫാമിൽ പാകാറുണ്ട്. 65 ശതമാനം തേങ്ങകൾ മുളച്ച് നല്ല തെങ്ങിൻ തൈകളായി വളരും. ശേഷിക്കുന്ന 35 ശതമാനം തൈകളും നശിപ്പിച്ച് കളയും. ഒരു വരിയിൽ 100 തേങ്ങകൾ വീതമാണ് പാകുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് തേങ്ങ ശേഖരിക്കുന്നത്. തേങ്ങ പാകി കഴിഞ്ഞാൽ ഒരു വർഷത്തേക്ക് വളം ചെയ്യാറില്ല. തേങ്ങയിലുള്ള ഞൊങ്ങിൽ നിന്നാണ് തെങ്ങിൻ തൈകളുടെ വളർച്ചക്കുള്ള ഊർജ്ജം ലഭിക്കുന്നത്. കടവണ്ണം കൂടിയ തൈകളാണ് ഏറ്റവും ഉത്തമം. 5 ഓലകൾ വന്ന് കഴിയുമ്പോൾ തെങ്ങിൻ തൈകൾ വില്ക്കാൻ ആരംഭിക്കും. ടി ആൻഡ് ഡി 3 വർഷത്തിനുള്ളിൽ കായ്ച്ച് തുടങ്ങും. മിനിമം 25 വർഷം വരെ തേങ്ങയും ലഭിക്കും. പശ്ചിമ തീര നെടിയൻ 5 വർഷം കഴിഞ്ഞാണ് കായ്ക്കുന്നത് .60 വർഷം വരെ കായ ലഭിക്കും.

തൈ വിതരണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത് ചിറ്റുമൂലയിൽ നിന്നാണ്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നഗരസഭകളും ത്രിതല പഞ്ചായത്തുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തൈകൾ വാങ്ങി നൽകുന്നത്. കൃഷി ഡയറക്ടറുടെ അനുവാദത്തോടെ കോക്കനട്ട് നഴ്സറിയിലും തെങ്ങിൻ തൈകൾ വില്ക്കാറുണ്ട്. പശ്ചിമതീര നെടിയൻ തെങ്ങിൻ തൈകൾക്ക് 100 രൂപയും ടി ആൻഡ് ഡി ഇനത്തിൽ പെട്ട തൈകൾക്ക് 250 രൂപയുമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.

നെടിയൻ തൈ വില 100 രൂപ

ടി ആൻഡ് ഡി തൈ വില 250 രൂപ