photo
നെടുവത്തൂർ പുല്ലാമലയിൽ പൊതുശ്മശാനം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഭൂമി

ഒരു കോടി രൂപയുടെ പദ്ധതി

കൊല്ലം: വിവാദവും രാഷ്ട്രീയ തർക്കങ്ങളും മൂലം നെടുവത്തൂരിന് അനുവദിച്ച പൊതുശ്മശാനം നഷ്ടപ്പെടാൻ സാദ്ധ്യത. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി മറ്റേതെങ്കിലും പഞ്ചായത്തിലേക്ക് മാറ്റിയേക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ വി.സുമാലാലിന്റെ ശ്രമഫലമായി അനുവദിച്ച പദ്ധതി അട്ടിമറിയ്ക്കുന്നതിന് പിന്നിൽ ഭരണകക്ഷി അംഗങ്ങളുടെ ഇടപെടലുണ്ടായിട്ടും നേതൃത്വവും വേണ്ടത്ര ഗൗരവം കാട്ടിയില്ല. സർവകക്ഷിയോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്യാമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചപ്പോൾ പഞ്ചായത്തിലെ ഭരണകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗം ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതി അട്ടിമറിയ്ക്കുന്ന തരത്തിൽ ഇടപെടുകയും ചെയ്തു.

പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെടണം

അടിയന്തരമായി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സർവകക്ഷി യോഗം വിളിച്ച് വിഷയ ചർച്ച ചെയ്തെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയുള്ളൂ എന്ന സ്ഥിതിയാണ്. പൊതുശ്മശാനം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെടണം. എതിർപ്പുകളിൽ കുരുങ്ങി ഒരുകോടി രൂപയുടെ പദ്ധതി നഷ്ടപ്പെടരുതെന്ന അഭിപ്രായവുമുണ്ട്.

നിർമ്മാണം പഞ്ചായത്ത് ഭൂമിയിൽ

പുല്ലാമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായ പഞ്ചായത്ത് ഭൂമിയിലാണ് പൊതുശ്മശാനം നിർമ്മിക്കാൻ പതീരുമാനിച്ചത്. ഇവിടെ രണ്ടേക്കറിലധികം ഭൂമിയുണ്ട്. ഇതിൽ 50 സെന്റ് ഭൂമിയാണ് ശ്മശാനത്തിന് അനുവദിക്കേണ്ടത്. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ ഐകകണ്ഠേനയാണ് തീരുമാനമെടുത്തത്. വൈദ്യുത ശ്മശാനമായതിനാൽ പൊതുജനങ്ങൾക്കോ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കോ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല.

ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന് തടസമില്ല

നിലവിൽ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളിലൊന്ന് പ്രവർത്തനമില്ലാതെ കിടക്കുകയായിരുന്നു. ഇവിടെ എൻ.ആർ.എച്ച്.എമ്മിന്റെ ആയുർവേദ ഡിസ്പൻസറി പ്രവർത്തനം തുടങ്ങി. മറ്റൊരു കെട്ടിടം പകൽവീട് എന്ന നിലയിൽ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ആരോഗ്യകേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമ്മിക്കേണ്ടിവന്നാൽ റോഡിന് അഭിമുഖമായിത്തന്നെ നിർമ്മിക്കാൻ വിശാലമായ ഭൂമിയുണ്ട്. പാർക്കിംഗ് സ്ഥലത്തിനായി നിരപ്പാക്കിയതും വൃക്ഷങ്ങൾ നിറഞ്ഞുനിൽക്കുന്നതുമായി ഭൂമിയാണ് ശേഷിക്കുന്നത്.

പൊതുശ്മശാനം നഷ്ടപ്പെടുത്തരുത്. പ്രാദേശികമായി ബോധവത്കരണം നടത്തിയശേഷം സർവകക്ഷിയോഗം ചേർന്ന് തീരുമാനമെടുക്കണം.

ജി.മുരുകദാസൻ നായർ,

ജില്ലാ വൈസ് പ്രസിഡന്റ്, കേരളകോൺഗ്രസ്(എം)

പൊതുജന അഭിപ്രായം അനുകൂലമാണെങ്കിൽ പുല്ലാമലയിൽ പൊതുശ്മശാനം യാഥാർത്ഥ്യമാകും.

സാം.കെ.ഡാനിയേൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അടക്കം ചെയ്യാൻ ഭൂമിയില്ലാത്തതിന്റെ പേരിൽ അടുക്കള പൊളിച്ച് മൃതദേഹം അടക്കേണ്ടിവന്ന ഗതികേടുൾപ്പടെയുള്ള നെടുവത്തൂരിൽ പൊതുശ്മശാനം അനിവാര്യമാണ്. പുല്ലാമല ആരോഗ്യകേന്ദ്രത്തിന് കോട്ടമില്ലാത്തവിധം ശ്മശാനം നിർമ്മിക്കണം

ജെ.എസ്.എസ്

നെടുവത്തൂർ പഞ്ചായത്ത് കമ്മിറ്റി