
വിവാദമായപ്പോൾ അനുമതി നൽകി തടിയൂരി
കൊല്ലം: പുതുതായി നിർമ്മിച്ച വീടിനോട് ചേർന്നുള്ള സെപ്ടിക് ടാങ്ക് അയൽവാസിയുടെ പരാതിയിൽ പൊളിച്ചുനീക്കി പ്രവാസി മലയാളിക്കും കുടുംബത്തിനും പത്തുമാസത്തോളം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം തടസപ്പെടുത്തി കൊല്ലം കോർപ്പറേഷൻ. പുതിയത് നിർമ്മിക്കാനുള്ള അനുമതി വൈകിപ്പിച്ചും ക്രൂരത കാട്ടി. സംഗതി വിവാദമായതോടെ 20 ദിവസം മുമ്പേ അനുമതി തയ്യാറായിരുന്നു എന്ന് ഇന്നലെ വിളിച്ചുപറഞ്ഞ് അധികൃതർ തടിയൂരി.
കടവൂർ മേലൂർ കസ്മീർ ഹൗസിൽ ബിനു പീറ്ററിനും കുടുംബത്തിനുമാണ് ദുരവസ്ഥ നേരിട്ടത്. 2019ലാണ് വീട് നിർമ്മാണത്തിന് കോർപ്പറേഷനിൽ നിന്ന് അനുമതി ലഭിച്ചത്. സെപ്ടിക് ടാങ്കിന്റെ ഏഴര മീറ്റർ പരിധിയിൽ കിണറുകളോ മറ്റു ജലാശയങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാണ് അനുമതി നൽകിയത്. വീട് പൂർത്തിയായി മൂന്നു കുഞ്ഞുങ്ങളുമായി കുടുംബം താമസം തുടങ്ങിയശേഷം അയൽവാസി നൽകിയ പരാതിയിൽ ഏപ്രിലിലാണ് കോർപ്പറേഷൻ ജെ.സി.ബി ഉപയോഗിച്ച് ടാങ്ക് പൊളിച്ചുമാറ്റിയത്. സെപ്ടിക് ടാങ്ക് കാരണം തങ്ങളുടെ വീട്ടിലെ കിണർ മലിനപ്പെടുന്നു എന്നായിരുന്നു അയൽവാസിയുടെ പരാതി. പൊളിക്കാൻ ചെലവായ 14,004 രൂപ ബിനുവിൽ നിന്നുതന്നെ ഈടാക്കി. പിന്നീട് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ
തൊട്ടടുത്തുള്ള ബന്ധുവീടിനെയാണ് കുടുംബം ആശ്രയിച്ചത്.
പുതിയത് നിർമ്മിക്കാൻ ബിനു ആഗസ്റ്റിൽ വീണ്ടും കോർപ്പറേഷനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. സംഭവം വിവാദമായതോടെ കഴിഞ്ഞ ജനുവരി 25നു തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും പകർപ്പ് വീട്ടിലെത്തിക്കാമെന്നും കോർപ്പറേഷൻ അധികൃതർ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. ബിനു ഇന്നലെ ഉച്ചയ്ക്ക് കോർപ്പറേഷൻ ഓഫീസിലെത്തി അനുമതിപത്രം കൈപ്പറ്റി.