kunnathoor
തകർന്നു കിടക്കുന്ന സിനിമാപറമ്പ് - ചിറയിൽ ജംഗ്ഷൻ റോഡ്

നന്നാക്കാൻ നടപടിയില്ല

കുന്നത്തൂർ : സിനിമാപറമ്പ് - ചിറയിൽ ജംഗ്ഷൻ റോഡ് തകർന്ന് താറുമാറായിട്ട് കാലങ്ങളേറെ. അധികൃതരുടെ ഭാഗത്തുനിന്ന് റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ പല ഭാഗത്തും ടാറിന്റെ 'പൊടി' പോലും കാണാനില്ല. പോരുവഴി, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്. ചക്കുവള്ളി - ശാസ്താംനട റോഡിൽ ചിറയിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയ പാതയിലെ സിനിമാപറമ്പിൽ അവസാനിക്കുന്ന റോഡിൽ വികസനം തിരിഞ്ഞു നോക്കിയിട്ടില്ല. കമ്പലടി ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഈ റോഡിലൂടെയാണ് ചക്കുവള്ളി, ഭരണിക്കാവ് ഭാഗങ്ങളിൽ റോഡ് നിർമ്മാണവും മറ്റും നടക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നു പോകുന്നത്.

ഫണ്ട് അനുവദിക്കുന്നതിൽ തർക്കം

പോരുവഴി, ശാസ്താംകോട്ട പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും റോഡ് നവീകരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുന്നത്തൂർ,ശൂരനാട് ജില്ലാ ഡിവിഷനുകളിലൂടെ കടന്നു പോകുന്നതിനാൽ ഇവർക്കും റോഡ് വികസനത്തിൽ അലംഭാവമാണ്. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ ആരും തയ്യാറല്ല. ഗ്രാമ - ബ്ലോക്ക് - ജില്ലാ ഡിവിഷനുകളുടെ അതിർത്തി റോഡായതിനാൽ ആര് ഫണ്ട് വയ്ക്കുമെന്ന തർക്കമാണ് ഇതിനു കാരണം.

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം

തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥികളുടെ പ്രധാന വാഗ്ദാനമാണ് പാലിക്കപ്പെടാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഗ്രാമ - ബ്ലോക്ക് - ജില്ലാ പ്രതിനിധികൾ ഒരു പോലെ കയ്യൊഴിഞ്ഞ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിനിമാപറമ്പ് - ചിറയിൽ റോഡിന്റെ സമാന്തര പാതകളായ കുറ്റിയിൽ മുക്ക് - അമ്പിയിൽ മുക്ക്,ചിറയിൽ ജംഗ്ഷൻ - പെരുംച്ചേരിവിള റോഡുകളും പൂർണമായും തകർന്നു കിടക്കുകയാണ്.

സിനിമാപറമ്പ് - ചിറയിൽ റോഡ് വികസനം അടിയന്തരമായി നടപ്പാക്കണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തും.

ഷംനാദ് അയന്തിയിൽ.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി