കൊട്ടാരക്കര: വേനൽ കടുത്ത സാഹചര്യത്തിൽ നെടുവത്തൂർ പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന് ബി.ജെ.പി പല തവണ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കാലിക്കുടങ്ങളുമായി ധർണ നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് രാജ്ഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നെടുവത്തൂർ ഏരിയാ പ്രസിഡന്റ് ദിലീപ് നെടുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ആർ.കലാധരൻ മുഖ്യപ്രഭാഷണം നടത്തി. ശരണ്യ സന്തോഷ്, വിദ്യ കുരുവായം, രാജേഷ് കുരുക്ഷേത്ര, അജിത് ചാലൂക്കോണം, നന്ദുകിഴക്കടത്ത്, ജയകുമാർ, സോമരാജൻ, രമ, വിജയൻ, സുജിത് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ശരത്, അമൃത, അശ്വതി, രമ്യ, അജിത,വിദ്യ എന്നിവർ പങ്കെടുത്തു.