 
 കിളികൊല്ലൂർ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: അമിതവേഗതയും മത്സരയോട്ടവും നിരത്തുകളെ കുരുതിക്കളമാക്കിയിട്ടും ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുകയാണ് സ്വകാര്യബസുകൾ. ഇന്നലെ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റതിന് കാരണവും അമിതവേഗതതന്നെ. കിളികൊല്ലൂർ സ്വദേശി ഓമനകുട്ടനാണ് പരിക്കേറ്റത്. രാവിലെ 9.15ഓടെ ടൗൺ അതിർത്തിക്ക് സമീപം എസ്.വി. ടാക്കീസ് ജംഗ്‌ഷനിലായിരുന്നു അപകടം. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തിയതിനെ തുടർന്ന് പിന്നാലെ വരികയായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഒരേദിശയിൽ അമിത വേഗതയിൽ വന്ന മറ്റൊരു സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ആഘാതത്തിൽ സ്‌കൂട്ടറും യാത്രക്കാരനും നിറുത്തിയിട്ടിരുന്ന ബസിനടിയിലേക്ക് തെറിച്ചുവീണു. ബസ് നിറുത്തിയിട്ടിരുന്നതിനാലും തെറിച്ചുവീണത് ഇടിച്ച ബസിന്റെ എതിർദിശയിലായതിനാലും വൻ അപകടം ഒഴിവായി. കടപ്പാക്കടയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് ബസിനടിയിൽ നിന്ന് സ്‌കൂട്ടർ പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കടത്തിവിടില്ല
അമിതവേഗവും
കടപ്പാക്കട മുതൽ കല്ലുംതാഴം വരെയുള്ള റോഡ് സ്വതവേ തിരക്കുള്ളതാണ്. കൂടാതെ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി അയത്തിൽ റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കണ്ണനല്ലൂർ വഴിയുള്ള ബസുകളെല്ലാം ഈ റോഡാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്തിടെയായി തിരക്ക് ഇരട്ടിയിലധികമായി. സ്റ്റോപ്പുകളിൽ നിറുത്തുന്ന ഒരൊറ്റ സ്വകാര്യബസ് പോലും റോഡിൽ സൈഡാക്കി നിറുത്തുകയോ മറ്റ് വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിൽ നിറുത്തിയ സ്വകാര്യബസിനെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. സമയക്രമം പാലിക്കുന്നതിന്റെ പേരിൽ കണ്ണനല്ലൂരിലേക്കുള്ള ബസുകൾ അമിതവേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. അപകടമുണ്ടാക്കിയ ബസ് കണ്ണനല്ലൂർ വഴി കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസായിരുന്നു.