
കൊല്ലം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ വ്യോമമാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ആശ്രാമത്ത് എയർസ്ട്രിപ്പ് നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്കെതിരെ ജില്ലയിലെ റവന്യു വകുപ്പ്.
എയർ സ്ട്രിപ്പ് നിർമ്മാണത്തിന്റെ സാദ്ധ്യത ആരാഞ്ഞുള്ള കത്തിന് മൈതാനം പദ്ധതിക്ക് അനുയോജ്യമല്ലെന്ന റിപ്പോർട്ടാണ് റവന്യു വിഭാഗം നൽകിയത്.
പദ്ധതിയെ കുറിച്ച് വിശദമായി പഠിക്കാതെയാണ് റവന്യു വകുപ്പ് ഇങ്ങനെയൊരു റിപ്പോർട്ട് നൽകിയതെന്നാണ് വിമർശനം ശക്തമാകുന്നത്.
റവന്യു വിഭാഗം ഉടക്കിട്ടാലും പദ്ധതി ഉപേക്ഷിക്കാൻ സാദ്ധ്യതയില്ല. ടൂറിസം, ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ വിഷയത്തിൽ ജില്ലാ ഭരണകൂടവുമായി വൈകാതെ ചർച്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്.
ചിറക് വിരിക്കേണ്ടത് കൊല്ലത്തിന്റെ സ്വപ്നം
കൊല്ലം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് എയർ സ്ട്രിപ്പ്. കൊല്ലം കേന്ദ്രീകരിച്ചുള്ള അഷ്ടമുടി കായൽ, മൺറോത്തുരുത്ത്, തങ്കശേരി എന്നിവിടങ്ങൾക്ക് പുറമേ ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതൽ സഞ്ചാരികളെത്താൻ പദ്ധതി സഹായകരമാകും.
റിപ്പോർട്ടിലെ വാദങ്ങൾ ഇങ്ങനെ
1. ജില്ലാ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് ഒത്തുകൂടാൻ ആകെയുള്ള ഇടമാണിവിടം
2. വിവിധ സമ്മേളനങ്ങളും പ്രദർശനങ്ങളും നടക്കുന്ന കേന്ദ്രം
3. പരിസ്ഥിതി ലോല പ്രദേശത്തോട് ചേർന്നുകിടക്കുന്ന മേഖല
4. തൊട്ടടുത്ത് ഉയരമുള്ള കെട്ടിടങ്ങളുള്ളതിനാൽ സുരക്ഷാ പ്രശ്നം
ഒട്ടേറെ അനുകൂല ഘടകങ്ങൾ
1. വിമാനമിറക്കാൻ 1500 മീറ്റർ നീളത്തിലുള്ള റൺവേ മതിയാകും
2. വിമാനത്താവള മാതൃകയിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമില്ല
3. ഹെലിപ്പാഡായി ഉപയോഗിക്കുന്ന പ്രദേശത്തിന്റെ വിസ്തൃതി കൂട്ടി റൺവേയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാം
4. മഹീന്ദ്ര കമ്പനിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം
5. ഒറ്റ എൻജിനുള്ള എട്ട് മുതൽ 12 വരെ സീറ്റുകളുള്ള ചെറു വിമാനങ്ങളാണ് ഉപയോഗിക്കുക
ടിക്കറ്റ് നിരക്ക്
തിരുവനന്തപുരം - കൊല്ലം ₹ 5000 (ഒരാൾക്ക്)
""
ആദ്യഘട്ടത്തിൽ സർക്കാർ സഹകരണത്തോടെ യാത്രാക്കൂലിയിൽ പ്രത്യേക ഇളവ് ആലോചിക്കുന്നുണ്ട്. വിദേശത്ത് നിർമ്മിക്കുന്ന ചെറുവിമാനങ്ങളാകും സർവീസിന് ഉപയോഗിക്കുക.
ടൂറിസം - ഗതാഗത വകുപ്പ് അധികൃതർ