water
കൊട്ടാരക്കര നഗര മദ്ധ്യത്തിൽ പൈപ്പു പൊട്ടിയതിനെ തുടർന്നു രൂപപ്പെട്ട ഗർത്തം.

കൊട്ടാരക്കര: നഗര മദ്ധ്യത്തിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നത് പതിവാകുന്നു. കടുത്ത വേനലിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ടൗണിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഇന്നലെ രാവിലെ പത്തുമണിയോടെ കൊട്ടാരക്കര ടൗണിൽ ഓയൂർ റോഡിൽ ഡോക്ടേഴ്സ് ലൈനിലേക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പു പൊട്ടിയത്. പൈപ്പു പൊട്ടിയതോടെ റോഡിന്റെ മദ്ധ്യഭാഗത്ത് ഗർത്തം രൂപപ്പെടുകയും മണിക്കൂറുകളോളം കുടിവെള്ളം പൊതുനിരത്തിലൂടെ പരന്നൊഴുകുകയുംചെയ്തു. ഉടൻ തന്നെ സമീപത്തുള്ള വ്യാപാരികളും നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും ടൗണിൽ തന്നെയുള്ള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചെങ്കിലും അവിടെ മീറ്റിംഗ് നടക്കുകയാണ്, പിന്നെ നോക്കാം എന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ കിഴക്കേത്തെരുവ് അരോമ ആശുപത്രിക്ക് മുന്നിലും ഐസക് നഗറിലും അതുപോലെ ടൗണിന്റെ വിവിധ ഭാഗങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി .കൂടാതെ പൊപ്പു പൊട്ടുമ്പോൾ റോഡിൽ രൂപപ്പെടുന്ന കുഴികളും തടങ്ങളും അപകട ഭീഷണിയാവുന്നുമുണ്ട്.