കൊല്ലം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ജില്ലയിലെ കോളേജുകളിൽ ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 18ൽ 17 യൂണിയനും എസ്.എഫ്.ഐക്ക് ലഭിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജ് കെ.എസ്.യു നിലനിറുത്തി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു.
തിരഞ്ഞെടുപ്പ് നടന്ന കോളേജുകളിൽ 11 ഇടത്ത് നോമിനേഷൻ അവസാനിച്ചപ്പോൾ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കൊല്ലം എസ്.എൻ കോളേജ്, വനിതാ കോളേജ്, എസ്.എൻ ലാ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ചവറ ബി.ജെ.എം ഗവ. കോളേജ്, വിദ്യാധിരാജ കോളേജ്, കൊട്ടിയം എൻ.എസ്.എസ് ആർട്‌സ്, ചാത്തന്നൂർ എസ്.എൻ, കടയ്ക്കൽ പി.എം.എസ്.എ, നിലമേൽ എൻ.എസ്.എസ്, പത്തനാപുരം സെന്റ് സ്ഥീഫൻസ് എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചത്. ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയൻ നഷ്ടമായെങ്കിലും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ എസ്.എഫ്.ഐക്ക് ലഭിച്ചു.