slague

കൊല്ലം : കൂട്ടിക്കടയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് 52.24 കോടി രൂപ അനുവദിച്ചു. ഇന്നലെ ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗമാണ് തുക അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനാണ് (ആർ.ബി.ഡി.സി.കെ) നിർവ്വഹണ ഏജൻസി. കൂട്ടിക്കടയിൽ റെയിൽവേബ്രിഡ്ജിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പദ്ധതിക്കുള്ള നടപടികൾ ആരംഭിച്ചത്.

2021 ജനുവരിയിൽ കൂട്ടിക്കടയിൽ റെയിൽവേ ഓവർബ്രിഡ്ജി നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. തുടർന്ന് പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുകയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനെ നിർവ്വഹണ ഏജൻസിയായി നിശ്ചയിക്കുകയും ചെയ്തു. ഇതുപ്രകാരമാണ് വിശദമായ പദ്ധതിരേഖ സമർപ്പിക്കാൻ കിഫ്ബി ആർ.ബി.ഡി.സി.കെയോട് ആവശ്യപ്പെട്ടത്. ആർ.ബി.ഡി.സി.കെ സമർപ്പിച്ച അടങ്കൽ തുകയായ 52.24 കോടി രൂപയാണ് ഇപ്പോൾ കിഫ്ബി അനുവദിച്ചിരിയ്ക്കുന്നത്.

റെയിൽവേയിൽ

പ്രതീക്ഷ

മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്‌മെന്റ് ഡ്രായിംഗ് (ജി.എ.ഡി) ആർ.ബി.ഡി.സി.കെ 2021 ഒക്ടോബറിൽ റയിൽവേയ്ക്ക് സമർപ്പിച്ചു. റെയിൽവേ അംഗീകാരം താമസിയാതെ ലഭിക്കുമെന്നാണ് കരുതുന്നത്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള മേൽപ്പാലനിർമ്മാണ പദ്ധതിയുടെ ആകെ അടങ്കലാണ് 52.24 കോടി. റെയിൽവെയുടെ അംഗീകാരം കൂടി ലഭിച്ചാൽ ഉടൻ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.

'' കൂട്ടിക്കടയ്ക്ക് പുറമേ പോളയത്തോട് റെയിൽവേ മേൽപ്പാലനിർമ്മാണത്തിന്റെയും ഡി.പിആറും ഭാരനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. താമസിയാതെ അംഗീകാരം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ. ഇരവിപുരം മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിക്കുന്ന അഞ്ചാമത്തെ മേൽപ്പാലനിർമ്മാണപദ്ധതിയാണിത്.''

എം.നൗഷാദ് എം.എൽ.എ