police-
കളഞ്ഞു കിട്ടിയ പണവും പാസ് ബുക്കും ഉടമയ്ക്ക് തിരികെ കൊടുക്കുന്നു

കൊല്ലം : കളഞ്ഞു കിട്ടിയ 20,000 രൂപയും പാസ് ബുക്കും ഉടമയ്ക്ക് തിരികെ നൽകി അഡ്വക്കേറ്റ് ക്ലാർക്ക് അനിൽകുമാർ മാതൃകയായി. വെള്ളിയാഴ്ച വൈകിട്ടാണ് കൊല്ലം സിവിൽ സ്റ്റേഷന് സമീപത്തെ പോസ്റ്റ്‌ ഓഫീസിന് സമീപത്ത് നിന്ന് പണവും പാസ്ബുക്കും കിട്ടിയത്. തുടർന്ന് പാസ്ബുക്കിലുണ്ടായിരുന്ന ഫോൺ നമ്പറിൽ അനിൽകുമാർ ബന്ധപ്പെടുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പണം നഷ്ടപ്പെട്ട കോടതി ജീവനക്കാരിയെ കണ്ടെത്തിയ പൊലീസ്, സ്റ്റേഷനിൽ വിളിച്ചു വരുത്തി പണവും പാസ്ബുക്കും തിരികെ നൽകുകയായിരുന്നു. കൊല്ലം കോർട്ട് സെന്ററിൽ അഡ്വ. മുഹമ്മദ്‌ നഹാസിന്റെ ക്ലർക്കായി ജോലിവരുന്ന അനിൽകുമാർ കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയാണ്.