കൊല്ലം: ജില്ലാകോടതി സമുച്ചയം വരുന്ന സാഹചര്യത്തിൽ പീരങ്കിമൈതാനം കവർന്നെടുത്ത് തിടുക്കത്തിൽ കളക്ട്രേറ്റ് അനക്സ് നിർമ്മിക്കുന്നത് എന്തിനെന്ന ചോദ്യം ശക്തമാകുന്നു. കോടതി സമുച്ചയം വരുമ്പോൾ ഇപ്പോൾ കളക്ടേറ്റിൽ പ്രവർത്തിക്കുന്ന കോടതികളെല്ലാം അവിടേക്ക് മാറും. ഇതോടെ ഇപ്പോൾ പുറത്ത് പ്രവർത്തിക്കുന്ന വലിയൊരുവിഭാഗം സർക്കാർ ഓഫീസുകളെ കളക്ട്രേറ്റിലേക്ക് കൊണ്ടുവരാനും കഴിയും.
കളക്ട്രേറ്റിൽ 13 കോടതികളാണ് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ജില്ല സെഷൻസ് കോടതി, പ്രിൻസിപ്പൽ സബ് കോടതി എന്നിവ വിശാലമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസ് ഒഴികെ കളക്ട്രേറ്റിന്റെ താഴത്തെ നില പൂർണമായും കോടതികളാണ്. ഒന്നാം നിലയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും പ്രവർത്തിക്കുന്നു. ബാർ അസോസിയേഷന്റെ ഓഫീസും റിക്രിയേഷൻഹാളും പ്രത്യേകം പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം കോടതി സമുച്ചയത്തിലേക്ക് പോകുന്നതോടെ 20 സർക്കാർ ഓഫീസുകൾക്കെങ്കിലും കളക്ട്രേറ്റിൽ സൗകര്യമൊരുക്കാൻ കഴിയും.
കോടതി സമുച്ചയത്തിന് സ്ഥലം കണ്ടെത്താനുള്ള നീക്കം എങ്ങുമെത്താതിരുന്ന ഘട്ടത്തിലാണ് പീരങ്കി മൈതാനത്ത് കളക്ട്രേറ്റ് അനക്സ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. എന്നാൽ കോടതി സമുച്ചയത്തിന് എൻ.ജി.ഒ ക്വാട്ടേഴ്സിൽ സ്ഥലം ലഭിച്ച് നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടും കളക്ട്രേറ്റ് അനക്സ് പദ്ധതിയുമായി അധികൃതർ മുന്നോട്ടുപോകുകയാണ്.
പള്ളിത്തോട്ടത്തെ
ഭൂമിയെ മറക്കരുത്
കളക്ട്രേറ്റ് അനക്സിനായി പുതിയ സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുന്നു. നഗരപരിധിയിൽ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളോ പുറമ്പോക്കോ, മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമിയോ ഏറ്റെടുക്കണമെന്നാണ് ആവശ്യം. പള്ളിത്തോട്ടത്ത് അടുത്തിടെ റവന്യു വകുപ്പ് ഏറ്റെടുത്ത അന്യം നിൽപ്പ് ഭൂമിയിൽ കളക്ട്രേറ്റ് അനക്സ് നിർമ്മിക്കണമെന്ന ആവശ്യം എം. മുകേഷ് എം.എൽ.എ മുന്നോട്ടുവച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പിനെതിരെ ഹാരിസൺ മലയാളം പ്ളാന്റേഷൻ കോടതിയെ സമീപിച്ചതോടെ തത് സ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കുകയാണ്. എന്നാൽ, കേസിൽ തങ്ങൾക്ക് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റവന്യു വകുപ്പ്. കേസ് അതിവേഗം തീർപ്പാക്കിയാൽ പള്ളിത്തോട്ടത്ത് കളക്ട്രേറ്റ് അനക്സ് യാഥാർത്ഥ്യമാക്കാം.