
കുട്ടികളും യുവാക്കളും മുന്നിൽ
കൊല്ലം: അമിതവേഗവും അശ്രദ്ധയും നിരത്തുകളെ ചോരയിൽ മുക്കിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. യുവത്വത്തിന്റെ ആവേശവും സമയക്രമത്തെ ചൊല്ലിയുള്ള സ്വകാര്യബസുകളുടെ മത്സരയോട്ടവുമാണ് റോഡുകളെ കുരുതിക്കളമാക്കുന്നത്.
പദ്ധതി നിർവഹണത്തിന്റെ പേരിൽ തിരക്കുള്ള റോഡുകൾ മാസങ്ങളോളം അടച്ചിട്ട് മറ്റ് റോഡുകളിൽ തിരക്ക് വർദ്ധിപ്പിക്കുന്ന അധികൃതരുടെ അനാസ്ഥയും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 2959 വാഹനാപകടങ്ങളിലായി 355 പേരാണ് മരിച്ചത്. 2586 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽപ്പെട്ടവരിൽ നാലിൽ ഒരാൾ 16നും 30നുമിടയിൽ പ്രായമുള്ളവരും 55 ശതമാനം ഇരുചക്ര വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. വൈകിട്ട് 6 മുതൽ രാത്രി 8 വരെയുള്ള സമയത്താണ് അപകടങ്ങളിൽ 23 ശതമാനവും.
രാത്രി 12 മുതൽ പുലർച്ചെ 3 വരെയുള്ള സമയത്തുള്ള ഓരോ നാല് അപകടങ്ങളിലും ഒരു മരണം എന്നതാണ് തോത്. സിറ്റി, റൂറൽ പൊലീസ് പരിധികളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതിദിനം കുറഞ്ഞത് ഓരോ സ്വകാര്യബസുകൾ വീതം അപകടത്തിൽപ്പെടുന്നുണ്ട്.
അപകടത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങൾ
1. ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ അമിതാവേശം
2. സമയക്രമത്തിന്റെ പേരിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം
3. നിർമ്മാണത്തിന് അടയ്ക്കുന്ന റോഡുകൾക്ക് പകരം സംവിധാനമില്ല
4. വിശ്രമമില്ലാതെ ദീർഘദൂരം വാഹനം ഓടിക്കുന്ന ഡ്രൈവർമാർ
5. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്
6. അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ
ജില്ലയിൽ അപകടങ്ങൾ (2021)
ആകെ: 2959
മരണം: 355
ഗുരുതര പരിക്ക്: 2586
ദേശീയപാതയിൽ: 956
മരണം: 130
മറ്റ് റോഡുകളിൽ: 2003
മരണം: 225
വിവിധ സമയങ്ങളിലെ അപകടങ്ങൾ (ശതമാനത്തിൽ)
(സമയം - അപകടങ്ങൾ - മരണം)
രാത്രി 12 - പുലർച്ചെ 3 വരെ - 1.49 - 2.94
3 മുതൽ 6 വരെ - 3.05 - 5.29
രാവിലെ 6 - 9 വരെ - 11.37 - 7.05
9 - ഉച്ചയ്ക്ക് 12 വരെ- 17.34 - 18.82
12 - വൈകിട്ട് 3 വരെ - 18.83 - 14.11
3 - 6 വരെ - 19.11 - 14.11
6 - രാത്രി 9 വരെ - 23.8 - 27.05
9 - 12 വരെ - 4.97 - 10.58
കൂടുതൽ അപകടങ്ങൾ നടന്ന പൊലീസ് സ്റ്റേഷൻ പരിധി
കൊട്ടാരക്കര - 227
കരുനാഗപ്പള്ളി - 226
ചവറ - 220
കുണ്ടറ - 175
ചടയമംഗലം -140
""
ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന നിലമേൽ മുതൽ ഏനാത്ത് വരെയുള്ള ഭാഗങ്ങളിൽ ഡ്രൈവർമാർക്കുള്ള ബോധവത്‌കരണം ആരംഭിച്ചു. സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ക്ളാസുകളും നടത്തും. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കി.
എച്ച്. അൻസാരി
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ