കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോലിഞ്ചിമലയിലെ അനധികൃത കെട്ടിട നിർമ്മാണം നിറുത്തിവെക്കാനുള്ള സ്റ്റോപ്പ് മെമ്മോ നൽകാൻ ഗ്രാമപഞ്ചായത്ത് സമിതി തീരുമാനിച്ചു. അടുത്ത ദിവസം തന്നെ സ്റ്റോപ്പ് മെമ്മോ നൽകാനാണ് തീരുമാനം. ക്വാറിക്ക് നൽകിയ ലൈസൻസിൽ കെട്ടിട നമ്പർ പൂജ്യമായി ചേർത്തതും യോഗത്തിൽ ചർച്ചയായി. അതിന് പുറമേ മുൻ ഇടതുപക്ഷ ഗ്രാമപഞ്ചായത്ത് ഭരണസമിതി ക്വാറി പ്രവർത്തിക്കാൻ നൽകിയ ലൈസൻസിൽ ക്രമക്കേടുകളുണ്ടോയെന്നും പരിശോധിക്കും. അതിനായി മൂന്നംഗ സംഘത്തെ രേഖകൾ വിശദമായി പരിശോധിക്കാൻ നിയോഗിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ റജീന തോമസ്, കരിക്കത്തിൽ കെ.തങ്കപ്പൻ പിള്ള, ബി.ഷംനാദ് എന്നിവരെയാണ് രേഖകൾ പരിശോധിക്കാനായി നിയോഗിച്ചത്. മൂന്നംഗ സംഘത്തിലെ രണ്ടു പേർ ഇടതുപക്ഷമുന്നണി അംഗങ്ങളാണ്.
ലൈസൻസ് റദ്ദാക്കിയേക്കും
പാറക്വാറിയുടെ നിലവിലുള്ള ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ അജൻഡ വെച്ച് ചർച്ച ചെയ്യാനും അടുത്ത യോഗത്തിന് മുൻപ് ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ വിശദമായ നിയമോപദേശം തേടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ക്വാറിയുടെ പ്രവർത്തനത്തിന് അനുകൂല നിലപാടാണ് ഇടതുപക്ഷ അംഗങ്ങൾ ഗ്രാമപഞ്ചായത്ത് സമിതി യോഗത്തിൽ കൈക്കൊണ്ടത്. ക്വാറി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം ഏരിയ കമ്മിറ്റി യോഗത്തിലെ തീരുമാനത്തിന് എതിരായിരുന്നിത്. പാറക്വാറിക്ക് ലൈസൻസ് നൽകിയതും ചുമട്ടു തൊഴിലാളികളിൽ നിന്ന് കരാർ എഴുതി വാങ്ങിയതും ഇടതുപക്ഷ മുന്നണിയിൽ വിവാദമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സി.പി.എം പാർട്ടിതല അന്വേഷണത്തിന് മൂന്നംഗം സംഘത്തെയും നിയോഗിച്ചിരുന്നു.
പാറകൾ നീക്കം ചെയ്തതായി ആരോപണം
ഫെബ്രുവരി 9 മുതൽ മാർച്ച് 31 വരെ ക്വാറിക്കുള്ളിൽ കെട്ടിട നിർമ്മാണത്തിന് വേണ്ടി പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് ക്വാറി ഉടമ വാങ്ങിയിട്ടുണ്ട്. തീരപ്രദേശത്തെ കടൽഭിത്തി നിർമ്മാണത്തിനു വേണ്ടി ക്വാറിക്കുള്ളിൽ പൊട്ടിച്ചിട്ടിരിക്കുന്ന പാറ നീക്കം ചെയ്യാനുള്ള അനുമതിയാണ് വിളക്കുടി ഗ്രാമപഞ്ചായത്തിൽ ക്വാറിയുടമ ലൈസൻസിനായി സമർപ്പിച്ചത്. എന്നാൽ ഇതിന്റെ മറവിൽ മുൻപ് പൊട്ടിച്ചിട്ടുള്ള പാറകൾ കൂടി ക്വാറിയിൽ നിന്ന് നീക്കം ചെയ്തതായി ആരോപണമുണ്ട്.