drawing
കൂട്ടിക്കട റെയിൽവേ ഓവർബ്രിഡ്ജിന്റെ രൂപരേഖ

കൊല്ലം: കൂട്ടിക്കട റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് മുന്നോടിയായി സാമൂഹിക ആഘാത പഠനം ഉടൻ ആരംഭിക്കും. സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഒന്നരവർഷത്തിനുള്ളിൽ ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തട്ടാമല - കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട - തിരുമുക്ക് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് ഓവർബ്രിഡ്ജ്. സാധാരണ നിലയെക്കാൾ കൂടുതൽ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിച്ചാണ് ഓവർബ്രിഡ്ജിലേക്ക് പോകുന്നത്. അപ്രോച്ച് റോഡുകൾ സഹിതം 603 മീറ്ററാണ് ആകെ നീളം. തിരുമുക്ക്- കൂട്ടിക്കട റോഡിൽ ആകെ 140 മീറ്റർ നീളത്തിലും തട്ടാമല- കൂട്ടിക്കട റോഡിൽ 118 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ്. ഓവർബ്രിഡ്ജിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് 53 മീറ്രർ വരെയും തിരുമുക്ക് ഭാഗത്തേക്ക് 65 മീറ്റർ വരെയും മണ്ണിട്ട് ഉയർത്തിയാകും അപ്രോച്ച് റോ‌ഡ് നിർമ്മിക്കുക. ഈ ഭാഗങ്ങളിൽ ഇരുവശത്തും അഞ്ച് മീറ്രർ വീതിയിൽ സർവീസ് റോഡ് സഹിതം 20.2 മീറ്ററാകും ആകെ വീതി. 52.24 കോടി രൂപയാണ് ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് കഴിഞ്ഞ ദിവസം അനുവദിച്ചത്. നിലവിലെ ലെവൽക്രോസിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് മാറിയാണ് ഓവർബ്രിഡ്ജ് റെയിൽവേ ലൈയ‌്നിനെ മറികടക്കുന്നത്.

ദുരിതം ഗേറ്റ് കടക്കും

നിരന്തരമുള്ള ഗേറ്റ് അടവ് കാരണം കൂട്ടിക്കടയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കൊട്ടിയം, മയ്യനാട്, വാളത്തുംഗൽ,​ തട്ടാമല എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ വന്നുചേരുന്ന കൂട്ടിക്കടയുടെ ഹൃദയഭാഗത്താണ് റെയിൽവേ ലെവൽ ക്രോസ്. അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകാനിറങ്ങുന്നവരെല്ലാം ഈ ഗേറ്റിന് മുന്നിൽ കുടുങ്ങുകയാണ് പതിവ്. ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിലും ഈ ഗേറ്റുകൾക്ക് മുന്നിൽ നിലയ്ക്കും. അത്യാസന്ന നിലയിലുള്ളവരെ ചുമന്ന് ഗേറ്റ് കടത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ നിരവധി പേർക്ക് മരണം സംഭവിച്ചിട്ടുണ്ട്.