1-
വീടുവിട്ടിറങ്ങി വഴിതെറ്റിയ തമിഴ്‌നാട് സ്വദേശിയെ ബന്ധുക്കൾ ഏറ്റെടുത്തപ്പോൾ

കൊല്ലം: വീടുവിട്ടിറങ്ങി കൊല്ലത്തെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ ബന്ധുക്കൾക്കൊപ്പം നാട്ടിലേക്കയച്ചു. തമിഴ്‌നാട് ട്രിച്ചി അടവത്തൂർ ഈസ്റ്റ് അല്ലിതുറൈ സോമരസൻപേട്ട നോർത്ത് സ്ട്രീറ്റ് 388ൽ പരിമനം - ചിന്നപൊണ്ണ് ദമ്പതികളുടെ മകൻ വിജയകുമാറിനെയാണ് നാട്ടിലേക്കയച്ചത്.

ഞായറാഴ്ച രാത്രി 10ഓടെ വിശന്നുവലഞ്ഞ് ശക്തികുളങ്ങരയിൽ റോഡരികിലിരിക്കുന്ന നിലയിലാണ് യുവാവിനെ ജീവകാരുണ്യ പ്രവർത്തകനായ ഗണേഷ് കണ്ടത്. തുടർന്ന് സുഹൃത്തുക്കളായ ബാബു, ജോൺസൺ, ശാസ്‌താംകോട്ട അഗ്നിശമന സേനയിലെ മനോജ് എന്നിവരെ വിളിച്ചുവരുത്തി. തുടർന്ന് ശക്തികുളങ്ങര പൊലീസിന്റെ സഹായത്തോടെ കോയിവിളയിലെ അഗതിമന്ദിരത്തിൽ എത്തിച്ചു. തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുടെ ഫോട്ടോ തമിഴ്‌നാട് പൊലീസിന് കൈമാറി ബന്ധുക്കളെ കണ്ടെത്തി. ഇന്നലെ ബന്ധുക്കളെത്തി ശക്തികുളങ്ങര പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വിജയകുമാറിനെ ഏറ്റെടുത്ത് നാട്ടിലേക്ക് മടങ്ങി. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുമാസം മുമ്പാണ് വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.