
പുനലൂർ: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിൽ തമിഴ്നാട്ടിലുള്ള കുറ്റാലം കൊട്ടാരത്തിലെ വളപ്പിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൊന്നിൽ അനധികൃതമായി സൂക്ഷിച്ച 142 കുപ്പി വിദേശമദ്യം പിടികൂടി. കൊട്ടാരത്തിന്റെ ചുമതലയുള്ള വകുപ്പിന്റെ പുനലൂർ കെട്ടിട വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ചെവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഇത് കണ്ടെത്തിയത്. 180 മില്ലിലിറ്റർ വീതം മദ്യം നിറച്ച കുപ്പികളാണ് പിടിച്ചെടുത്തത്.
കൊട്ടാരത്തിലെ 11 അനുബന്ധ കെട്ടിടങ്ങളിൽ ഒരെണ്ണം കുറ്റാലം സ്വദേശിയായ ഗണേശൻ തിങ്കളാഴ്ച മൂന്നുദിവസത്തേയ്ക്ക് വാടകയ്ക്കെടുത്തിരുന്നു. ഇയാളാണ് കെട്ടിടത്തിന്റെ അടുക്കളയിൽ മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം കുറ്റാലം പൊലീസിന് കൈമാറി. ഗണേശനെതിരെ പൊലീസ് കേസെടുത്തു. കെട്ടിടത്തിനുള്ളിൽ വീട്ടുപകരണങ്ങൾ സൂക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം സൂപ്രണ്ടിംഗ് എൻജിനിയർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്നായിരുന്നു പരിശോധന.
അനുബന്ധ കെട്ടിടങ്ങൾ ഒന്നു മുതൽ മൂന്നുദിവസം വരെ ടൂറിസ്റ്റുകൾ വാടകയ്ക്ക് നൽകാറുണ്ട്. ഇതിന്റെ മറവിലാണ് മദ്യം സൂക്ഷിച്ചത്. 56 ഏക്കർ ഭൂമിയിലാണ് കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. സുരക്ഷയ്ക്ക് പത്തു പൊലീസുകാരെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കണ്ണുവെട്ടിച്ചാണ് മദ്യം ശേഖരിച്ചതെന്നാണ് വിവരം.