totta

കൊല്ലം: കേരളത്തിൽ ലഭ്യമായ നാടൻ തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള നടപടി ക്രമങ്ങൾ ഉടനാരംഭിക്കും. ഒരാഴ്ചക്കുള്ളിൽ വിലനിർണയ കമ്മിറ്റി ചേർന്ന് വില നിശ്ചയിക്കാനും തീരുമാനമായി.

തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാപ്പെക്‌സ്, കാഷ്യൂ കോർപ്പറേഷൻ, കാഷ്യൂ ബോർഡ് അധികൃതരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

സംഭരണ സംവിധാനത്തിന്റെ പുരോഗതി അവലോകനത്തിന് രണ്ടാഴ്ചയിലൊരിക്കൽ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. കശുഅണ്ടി തോട്ടമുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുമായി ചർച്ച നടത്തി അടിയന്തരമായി നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനുള്ള നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകി.

തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പണം ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കേരളാ ബാങ്കുമായി സഹകരിച്ച് പ്രത്യേക സംവിധാനം തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മന്ത്രി യോഗത്തിൽ അറിയിച്ചു. സഹകരണ സംഘങ്ങളുമായുള്ള ഏകോപനം സുഗമമാക്കാൻ സഹകരണ വകുപ്പ് സെക്രട്ടറിയുമായി വ്യവസായ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ആശയവിനിമയം നടത്തും.
കേരള സ്റ്റേറ്റ് ഏജൻസി ഫോർ ദി എക്‌സ്പാൻഷൻ ഒഫ് കാഷ്യൂ കൾട്ടിവേഷൻ എന്ന സഹകരണ സ്ഥാപനം വഴി കശുമാവ് കൃഷി വ്യാപിപ്പിച്ച് ഒരു ജനകീയ കർഷക കൂട്ടായ്മയാക്കി മാറ്റി പരമാവധി നാടൻ തോട്ടണ്ടി സംഭരിക്കുകയാണ് ലക്ഷ്യം.

""

കർഷകർക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്ന തൈകൾ മൂന്ന് വർഷത്തിനുള്ളിൽ കായ്ക്കുന്നവയാണ്. വിളവ് തുടർച്ചയായി നിരീക്ഷിക്കും.

സംയുക്തയോഗം