കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ കുരുമുളക് കൃഷിക്ക് ഡിമാൻഡ് വർദ്ധിച്ചു. മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതലാളുകൾ കുരുമുളക് കൃഷിചെയ്യാൻ ആരംഭിച്ചതായി കൃഷി ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞ നാളുകൾക്കുള്ളിൽ വരുമാനം കിട്ടുമെന്നതാണ് കർഷകർ കുരുമുളകിലേക്ക് തിരിയാൻ കാരണം. തഴവാ ഗ്രാമപഞ്ചായത്തിലാണ് കുരുമുളക് കൃഷിയിൽ കർഷകർ ഏറെയുള്ളത്.
കരിമുണ്ടയും കുതിരവാലിയും
കരിമുണ്ട, അമ്പിരിയൻ, കോറ്റനാടൻ, കുതിരവാലി എന്നീ ഇനത്തിലുള്ള കരുമുളക് വള്ളികളിൽ നിന്നാണ് കൂടുതൽ വിളവ് കിട്ടുന്നത്. കരുനാഗപ്പള്ളിയിൽ കൂടുതലായും കരിമുണ്ടയാണ് കൃഷി ചെയ്യുന്നത്. തണലും വെള്ളവും കുരുമുളകിന് അത്യാവശ്യമാണ്. ചെങ്കോട്ട, അഞ്ചൽ, കുളത്തുപ്പുഴ എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ നിന്നാണ് കുരുമുളക് വള്ളികൾ ശേഖരിക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് വള്ളികൾ വിലക്ക് വാങ്ങുന്നത്. ഒരു മീറ്റർ വള്ളി 5 രൂപയാണ് വില. ഒരു വള്ളിയിൽ നിന്ന് കുറഞ്ഞത് 4 തൈകൾ ഉല്പാദിപ്പിക്കാൻ പറ്റും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ നിന്ന് കുരുമുളക് വള്ളികൾ വില്ക്കുന്നുണ്ട്. ഒരു വള്ളിക്ക് 8 രൂപയാണ് വില.
1.കി.ഗ്രാം കുരുമുളകിന് 600 രൂപ
കുരുമുളക് കൃഷിക്കായ് പദ്ധതികൾ വേണം
കരിമുണ്ട തൈകൾ 6 മാസത്തിനുള്ളിൽ ഫലം നൽകി തുടങ്ങും. ജൂൺ മാസത്തിൽ പൂവിടും. ഡിസംബർ മാസത്തോടെ വിളവെടുപ്പ് നടത്താൻ കഴിയും. വേണ്ട വിധത്തിൽ പരിചരിച്ചാൽ ഒരു കുരുമുളക് വള്ളിയിൽ നിന്നും 25 വർഷം വരെ കുരുമുളക് ലഭിക്കും. ഇപ്പോൾ ഒരു കിലോഗ്രാം കുരുമുളകിന് പൊതു വിപണിയിൽ 600 രൂപ വിലയുണ്ട്. ദ്രുതവാട്ടം, സമാധാനവാട്ടം എന്നീ രോഗങ്ങളാണ് കുരുമുളക് കൃഷിയെ നശിപ്പിക്കുന്നത്. ഫംഗസ് രോഗം ട്രൈകോഡർമ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചാണകം വേപ്പിൻ പിണ്ണാക്കുമായി കലർത്തി കുരുമുളക് ചെടിയുടെ ചുവട്ടിൽ ഇട്ടാൽ രോഗത്തെ പ്രതിരോധിക്കാൻ കഴിയും. ഈ മിശ്രിതം വെള്ളത്തിൽ കലക്കി തളിച്ചും രോഗത്തെ പ്രതിരോധിക്കാൻ കഴിയും. കൃഷിവകുപ്പിന്റെ വിവിധ സ്ക്കീം വഴിയും നഗരസഭയും ത്രിതല പഞ്ചായത്തുകൾ വഴിയുമാണ് കുരുമുളക് തൈകൾ വിതരണം ചെയ്യുന്നത്. കുരുമുളക് കൃഷിയെ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെയും ത്രിതല പഞ്ചായത്തിന്റെയും ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യം കർഷകർക്കുണ്ട്.