കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നഗരസഭ ആസ്ഥാനമന്ദിരവും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കുന്നതിനെതിരെ സാംസ്കാരിക പ്രതിഷേധം. പൊതുയിടം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കെ.ഐ.പി വക ഏക്കർ കണക്കിന് ഭൂമി കൊട്ടാരക്കരയിൽ കാടുമൂടി നശിക്കുമ്പോഴാണ് നഗരത്തെ വീർപ്പുമുട്ടിയ്ക്കുന്ന കെട്ടിടനിർമ്മാണവുമായി നഗരസഭ മുന്നോട്ടുപോകുന്നത്. ഇതിനെതിരയാണ് പൊതുജന പ്രതിഷേധാഗ്നി തെളിഞ്ഞത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ജ്വാല തെളിയിച്ചു. പൊതു ഇടം സംരക്ഷണ സമിതി ചെയർമാൻ സി.എസ്.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.എൻ.എൻ.മുരളി, ജി.മുരുകദാസൻ നായർ, കുളക്കട രാജു, സാബു കൊട്ടാരക്കര, അനീഷ് കിഴക്കേക്കര, പി.ഹരികുമാർ, റെജിമോൻ വർഗീസ്, മാത്യുസാം, നീലേശ്വരം സദാശിവൻ, കല്യാണി സന്തോഷ്, കൺവീനർ വി.കെ.സന്തോഷ് കുമാർ, മംഗല്യ രാജശേഖരൻ നായർ, പല്ലിശേരി, ലതിക കുമാരി, ഷക്കീല അസീസ്, മണ്ണടി ചാണക്യൻ എന്നിവർ സംസാരിച്ചു.
നഗരത്തില ഏക പാർക്കിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് കെട്ടിടം നിർമ്മിക്കുന്നതിനെ പുരോഗമനപരമായി ചിന്തിക്കുന്നവർക്ക് അംഗീകരിക്കാൻ കഴിയില്ല. . വികസന കാര്യങ്ങളിൽ വിശാലമായ കാഴ്ചപ്പാടും ചിന്തയുമാണ് അധികാരികൾക്ക് ഉണ്ടാകേണ്ടത്. ചന്തമുക്കിലുള്ള ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടം 15 ലക്ഷത്തോളം ചെലവഴിച്ചു നിർമ്മിച്ചതാണ്. ഇതു പൊളിച്ചു മാറ്റാൻ ദിവസങ്ങൾക്കു മുമ്പാണ് നഗരസഭ കത്തു നൽകിയത്. ചർച്ചയോ അഭിപ്രായ ഏകീകരണമോ ഇല്ലാതെ പൊളിച്ചു മാറ്റാൻ കഴിയുന്നതല്ല കെട്ടിടമെന്ന് നഗരസഭ അധികൃതർ ഓർക്കണം.
എം.ശിവപ്രസാദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൊട്ടാരക്കര
കൊട്ടാരക്കരയിലെ പൊതു ഇടം സംരക്ഷിക്കപ്പെടേണ്ടതാണ്. അധികാരികളുടെ ചിന്ത ഇടുങ്ങുമ്പോഴാണ് വികലമായ വികസന ചിന്തകൾ ഉണ്ടാകുന്നത്. ഇതിനെ തടയേണ്ടത് പൊതുസമൂഹത്തിന്റെ കർത്തവ്യമാണ്.കവി ഇഞ്ചക്കാട് ബാലചന്ദ്രൻ