 
 പിടിച്ചെടുത്തത് 143 കുപ്പി വിദേശമദ്യം
പുനലൂർ: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിൽ തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന കുറ്റാലം കൊട്ടാരത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യം ഉദ്യോഗസ്ഥർ പിടികൂടി.
ചെവ്വാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. പുനലൂരിലെ പൊതുമരാമത്ത് വകുപ്പ് (കെട്ടിടം) അസി. എക്സി. എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മദ്യം പിടിച്ചെടുത്തത്. കൊട്ടാരത്തിലെ 11കെട്ടിടങ്ങളിൽ ഒരെണ്ണം കുറ്റാലം സ്വദേശിയായ ഗണേശൻ തിങ്കളാഴ്ച രാത്രി മൂന്ന് ദിവസത്തേയ്ക്ക് വാടകയ്ക്കെടുത്തിരുന്നു. ഇതിനുള്ളിലെ അടുക്കളയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
കെട്ടിടത്തിനുള്ളിൽ വീട്ടുപകരണങ്ങൾ സൂക്ഷിക്കുന്നതായി സൂപ്രണ്ടിംഗ് എൻജിനിയർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 180 മില്ലി വീതം മദ്യം നിറച്ച 142 കുപ്പി വിദേശ മദ്യം കണ്ടെടുത്തത്. മദ്യം കുറ്റാലം പൊലീസിന് കൈമാറി. ഗണേശനെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ലഹരി പകരാൻ സൂക്ഷിച്ചിരുന്നതാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
മദ്യം ശേഖരിച്ചത് പൊലീസിന്റെ കണ്ണുവെട്ടിച്ച്
56 ഏക്കർ ഭൂമിയിലാണ് കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 11 അനുബന്ധ കെട്ടിടങ്ങളും പ്രവർത്തിച്ചിരുന്നു. സംരക്ഷണത്തിന് പത്ത് പൊലീസുകാരെയാണ് സർക്കാർ നിയോഗിച്ചിരുന്നത്. ഇവരുടെ കണ്ണുവെട്ടിച്ചാണ് കെട്ടിടത്തിനുള്ളിൽ മദ്യം ശേഖരിച്ചത്. രാജഭരണ കാലം മുതൽ കേരളത്തിന്റെ നിയന്ത്രണത്തിലാണ് കുറ്റാലത്തെ ഭൂമിയും കെട്ടിടങ്ങളും പ്രവർത്തിച്ചിരുന്നത്.
""
സർക്കാർ കെട്ടിടത്തിൽ മദ്യം ശേഖരിച്ചതിന് കുറ്റാലം സ്വദേശിയായ വാടകക്കാരനെതിരെ നടപടിക്ക് ശുപാർശ ചെയ്തു.
മിനി, അസി. എക്സി. എൻജിനിയർ
പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം, പുനലൂർ