
കൊല്ലം: സിറ്റി പൊലീസിന്റെ പരിധിയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ പുതുതായി 10 കാമറകൾ കൂടി പ്രവർത്തിച്ചു തുടങ്ങി. കൊട്ടിയം- കുണ്ടറ റൂട്ടിൽ മൊയ്തീൻ മുക്ക്, ബൈപ്പാസിൽ ആൽത്തറമൂട് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. പാരിപ്പളളി കടമ്പാട്ട്‌കോണം, ഓച്ചിറ, ചന്ദനത്തോപ്പ്, കൊല്ലം ടൗൺ, ആർ.ഒ.ബി എന്നിവിടങ്ങളിലെ കാമറകൾ നേരത്തെതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. സിറ്റി പൊലീസിന്റെ പരിധിയിലൂടെ വരികയും പോകുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഇനി മുതൽ കാമറ നിരീക്ഷണത്തിലായിരിക്കും.
മൊയ്തീൻമുക്കിലും ബൈപാസിലും രണ്ട് സർവയലൻസ് കാമറകൾ വീതവും മൊയ്തീൻ മുക്കിൽ രണ്ടും ബൈപാസിൽ നാലും ആട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെക്കഗ്നേഷൻ (എ.എൻ.പി.ആർ) കാമറകളുമാണ് സ്ഥാപിച്ചത്.
കാമറ നിരീക്ഷണം നല്ല റോഡ് സംസ്‌ക്കാരത്തിന് ഇടയാക്കുമെന്നും പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണ് ഇവ സ്ഥാപിച്ചതെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ പറഞ്ഞു. കാമറകളുടെ തുടർപ്രവർത്തനം, ഏകോപനം, പരിപാലനം എന്നിവയ്കായി ക്രൈം ബ്രാഞ്ച് എ.സി.പി സോണി ഉമ്മൻകോശിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ്ഖാൻ, ജില്ലാ കമാൻഡ് സെന്റർ ഇൻസ്‌പെക്ടർ എസ്.ടി. ബിജു, ടെലികമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ഐ. സജീദ് എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒളിച്ചാൽ ഇവൻ
പൊളിക്കും !
200 മീറ്റർ ദൂരപരിധിയുളള എ.എൻ.പി.ആർ കാമറകൾ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിൽ വരുന്ന വാഹനങ്ങളുടെ വരെ നമ്പർ വ്യക്തമായി റെക്കാഡ് ചെയ്യാൻ കഴിയും.
രാത്രിയിലും ഏറ്റവും കുറഞ്ഞ പ്രകാശത്തിലും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും വാഹനങ്ങളിലെ യാത്രക്കാരേയും വ്യക്തമാക്കുന്ന ചിത്രങ്ങൾ പകർത്താൻ ഇവയ്ക്ക് കഴിയും. ഒപ്റ്റിക്കൽ ഫൈബർകേബിളുകൾ ഉപയോഗിച്ച് എല്ലാ കാമറകളും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോഷ്ടിച്ചതോ, ഏതെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ടതോ, വി.ഐ.പി വാഹനങ്ങളോ കാമറ പരിധിയിൽ വന്നാൽ അത് തിരിച്ചറിഞ്ഞ് കൺട്രോൾ റൂമിലെ അലാറം പ്രവർത്തിക്കും. ഇതനുസരിച്ച് നടപടിക്ക് വേഗത കൂട്ടാൻ സഹായിക്കുന്നതാണ് സംവിധാനം.