epening

കൊല്ലം: ആണ്ടാമുക്കത്തെ വാടക കെട്ടിടത്തിൽ നിന്ന് താലൂക്ക് സപ്ലൈ ഓഫീസ് വൈകാതെ സ്വന്തം കെട്ടിടത്തിലേക്ക് മാറും. കൊല്ലം കോർപ്പറേഷൻ ഓഫീസിന് സമീപത്തെ സപ്ലൈകോ ഡിപ്പോയിൽ പുതിയ ഗൗഡോണും ഓഫീസ് സമുച്ചയവും പൂർത്തിയായി. അടുത്തമാസം പകുതിയോടെ താലൂക്ക് സപ്ലൈ ഓഫീസ് ഇവിടേക്ക് മാറ്റിസ്ഥാപിക്കും.

ഇവിടുത്തെ പഴയ ഗോഡൗൺ പൊളിച്ചുനീക്കിയ ശേഷമാണ് പുതിയ ഗോഡൗണും ഓഫീസും നിർമ്മിച്ചത്. 21,160 ചതുരശ്രയടി വിസ്തീർണമുള്ളതാണ് ഗോഡൗൺ. 5.12 കോടി രൂപയാണ് നിർമ്മാണ ചെലവ്. രണ്ട് പതിറ്റാണ്ടിലേറെയായി ആണ്ടാമുക്കത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറുന്നതോടെ പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കും പരിഹാരമാകും.

കടപ്പാക്കടയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ ഓഫീസും പുതിയ കെട്ടിടത്തിലേക്ക് മാറും. ഇവിടെ സപ്ലൈകോയുടെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിന് പുതിയ കെട്ടിട സമുച്ചയത്തിനും ആലോചനയുണ്ട്.