കൊല്ലം: കളക്ടറേറ്റ് അനക്സ് കൂടി നിർമ്മിച്ച് പീരങ്കി മൈതാനം കോൺക്രീറ്റ് കൂടാരമാക്കുമ്പോൾ ഇല്ലാതാകുന്നത് കൊല്ലം നഗരത്തിന്റെ കളിക്കളമാണ്. പ്രദർശനങ്ങളും സമ്മേളനങ്ങളും ഇല്ലാത്തപ്പോൾ നഗരത്തിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഫുട്ബാൾ, ക്രിക്കറ്റ് പരിശീലനങ്ങൾ നടക്കുന്ന കേന്ദ്രമാണ് പീരങ്കി മൈതാനം. ഈ മൈതാനം അപ്രത്യക്ഷമായാൽ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ വമ്പൻ ടൂർണമെന്റുകൾ നടക്കാനുള്ള സാദ്ധ്യതയും ഇല്ലാതാകും.

പ്രാക്ടീസ് ഗ്രൗണ്ട് കൂടി അനുബന്ധമായുള്ള സ്റ്റേഡിയങ്ങളിൽ മാത്രമേ വലിയ ടൂർണമെന്റുകൾക്ക് വേദി അനുവദിക്കുകയുള്ളു. പീരങ്കി മൈതാനം ഒഴിഞ്ഞുകിടന്നാൽ അത് പ്രാക്ടീസ് ഗ്രൗണ്ടായി ചൂണ്ടിക്കാട്ടി ടൂർണമെന്റുകൾക്ക് വേണ്ടി ശ്രമിക്കാമായിരുന്നു. തൊട്ടടുത്ത് വലിയ കെട്ടിടങ്ങൾ വരുന്നത് സുരക്ഷാ ഭീഷണി കൂടിയാണ്. പാർക്കിംഗ് സൗകര്യവും ഇല്ലാതാകും.

ഇപ്പോൾ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നിടം നേരത്തെ സ്ഥിരം ഫുട്ബാൾ പരിശീലന കേന്ദ്രമായിരുന്നു. സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുമ്പോൾ ശേഷിക്കുന്ന ഭാഗം പരിശീലന കേന്ദ്രമാക്കാമെന്ന പ്രതീക്ഷയിൽ കായികതാരങ്ങൾ നിൽക്കവേയാണ് അവിടം കളക്ടറേറ്റ് അനക്സ് നിർമ്മാണത്തിനായി ജില്ലാ ഭരണകൂടം കൈമാറിയിരിക്കുന്നത്.

 സ്റ്റാച്യു പാർക്കുമായി കോർപ്പറേഷൻ

കളക്ടറേറ്റ് അനക്സ് കൂടി വന്നാൽ ടൗൺഹാളിനോട് ചേർന്നുള്ള സ്ഥലം മാത്രമാകും പീരങ്കിമൈതാനത്തിന്റെ ഓർമ്മയായി അവശേഷിക്കുക. ഇവിടെ സ്റ്റാച്യു പാർക്ക് നിർമ്മിക്കാനുള്ള നീക്കത്തിലാണ് കോർപ്പറേഷൻ. നഗരത്തിലെ 50 പ്രമുഖ വ്യക്തികളുടെ പ്രതിമകൾക്ക് പുറമേ വഴിയോര വിശ്രമകേന്ദ്രം, കോഫി ഷോപ്പ് എന്നിവയും ഇവിടെ ലക്ഷ്യമിട്ടിട്ടുണ്ട്. 2019 അവസാനം പദ്ധതിയുടെ ശിലാസ്ഥാപനം നടന്നിരുന്നു

.....................................

നഗരത്തിൽ ഫുട്ബാൾ, ക്രിക്കറ്റ് അടക്കമുള്ള കളികളുടെ പരിശീലനത്തിന് ഇടമില്ലാതാവുകയാണ്. ഇപ്പോൾ കോളേജുകളിലും സ്കൂളുകളിലും കളിസ്ഥലങ്ങളില്ല. ഉള്ള സ്ഥലങ്ങളിലെല്ലാം പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയാണ്. ഇതിനിടയിൽ പൊതുഉടമസ്ഥതയിലുള്ള കളിസ്ഥലം കൂടി ഇല്ലാതാക്കുന്ന സമീപനത്തോട് യോജിക്കാനാവില്ല

ദ്വാരക മോഹൻ, ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്