കൊട്ടാരക്കര: കോട്ടാത്തല തേവർ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയതിനെതിരെ ബി.ജെ.പി കോട്ടാത്തല ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ദേവസ്വം ബോർഡിനെ തെറ്റിദ്ധരിപ്പിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിട്ടുള്ളത്. ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചിറയുടെ രണ്ട് വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നു. ഇപ്പോൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശേഷിക്കുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് ദേവസ്വംബോർഡിൽ ചിലർ സ്വാധീനം ചെലുത്തി തടസപ്പെടുത്തിയത്. ചിറ നവീകരിക്കണമെന്നത് പൊതുആവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുന്നിലടക്കം സമരപരിപാടികൾ തുടങ്ങാനും ബി.ജെ.പി തീരുമാനിച്ചു. ധർണ കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അരുൺ കാടാംകുളം, രഞ്ജിത് ചെപ്ര, സനിൽകുമാർ, സുനിൽകുമാർ, ഇന്ദിരാഭായി, റജികുമാർ, ജോമോൻ എന്നിവർ സംസാരിച്ചു.