കുന്നിക്കോട് : കോലിഞ്ചിമലയിലെ ക്വാറി വിഷയത്തിൽ ഇടതുപക്ഷ മുന്നണിക്കെതിരെ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ സി.പി.എമ്മും സി.പി.ഐയും കുന്നിക്കോട്ട് അടിയന്തരയോഗം ചേർന്നു. യോഗത്തിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.സുദേവൻ, സംസ്ഥാന സമിതിയംഗം കെ. രാജഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ജോർജ് മാത്യു, എസ്. ജയമോഹൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ജി.ആർ. രാജീവൻ എന്നിവർ പങ്കെടുത്തു. മുൻ ഇടതുപക്ഷ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പാറക്വാറി പ്രവർത്തിക്കാൻ ലൈസൻസ് നൽകിയതും ക്വാറിയിലെ തൊഴിലാളികളെ പാർട്ടി നേതൃത്വവുമായി ആലാചിക്കാതെ പിരിച്ച് വിട്ടതുമായിരുന്നു പ്രധാന ചർച്ച.

ചുമട്ടുതൊഴിലാളികളിൽ നിന്ന് വാങ്ങിയ കരാർ റദ്ദാക്കി

അന്നത്തെ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സി.ഐ.ടി.യു- എ.ഐ.ടി.യു.സി. ട്രേഡ് യൂണിയൻ നേതാക്കളെയും യോഗത്തിൽ വിളിച്ചു വരുത്തി വിശദീകരണംതേടി.

ചുമട്ടുതൊഴിലാളികളിൽ നിന്ന് ട്രേഡ് യൂണിയൻ എഴുതി വാങ്ങിയ കരാർ റദ്ദാക്കാൻ നിർദ്ദേശിച്ചു. പുതിയതായി തുടങ്ങുന്ന പാറക്വാറിയിൽ നിലവിലുള്ള ക്വാറിയിലെ ചുമട്ടുതൊഴിലാളികൾ അവകാശം ഉന്നയിച്ച് ജോലിക്ക് പോകില്ലെന്ന് തൊഴിലാളികളിൽ നിന്ന് എഴുതി വാങ്ങിയ കരാറാണ് റദ്ദാക്കാൻ നിർദ്ദേശിച്ചത്. ഇളമ്പൽ സി.പി.എം ഓഫീസിൽ വെച്ച് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കരാർ എഴുതി വാങ്ങിയത്.

അറുപതോളം തൊഴിലാളികളിൽ നിന്നാണ് ക്വാറിയുടമയ്ക്ക് വേണ്ടി കരാർ വാങ്ങിയത്. ഇനി പുതിയതായി തുടങ്ങുന്ന ക്വാറിയിൽ ജോലി ചെയ്യുന്നതിന് തടസമില്ല. മുൻ വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി ക്വാറിക്ക് ലൈസൻസ് നൽകിയത് തന്നെ കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ വേണ്ടിയാണെന്നാണ് ഇടതുപക്ഷ മുന്നണി വാദിക്കുന്നത്. പക്ഷേ ഇതിന് വിപരീതമായി ഇടതുപക്ഷ ട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളെ പിരിച്ച് വിട്ടതും.

ലൈസൻസ് നൽകിയതിലും ഭിന്നാഭിപ്രായം

പാറ ഖനനത്തിന് ലൈസൻസ് നൽകിയതിലും ഭിന്നാഭിപ്രായം. അന്ന് ഇടതുപക്ഷ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്ന് ഒരു വിഭാഗം പറഞ്ഞു. അതേ സമയം മറു വിഭാഗം ലൈസൻസ് റദ്ദാക്കേണ്ട കാര്യമില്ലെന്നും അന്നത്തെ സമിതി രേഖകൾ പരിശോധിച്ചാണ് ലൈസൻസ് നൽകിയതെന്നും വാദിച്ചു. അതേ സമയം ക്വാറിയുടമ ജിയോളജി വകുപ്പിൽ നിന്ന് അനുമതി നേടിയിട്ടുണ്ട്. പാറ ഖനനത്തിന് അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ലൈസലൻസ് നൽകിയ സംഭവത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (ബി)യുടെ ഗ്രാമപഞ്ചായത്തംഗമായ കരിക്കത്തിൽ കെ.തങ്കപ്പൻ പിള്ള ആവശ്യപ്പെട്ടു.