പത്തനാപുരം : ചുറ്റും കാടും മാലിന്യവും നിറഞ്ഞ് കിടന്നിരുന്ന കെ. ഐ.പി. വലതുകര കനാലിന്റെ സബ് കനാലുകൾക്ക് കേരളകൗമുദി വാർത്തയെത്തുടർന്ന് ശാപമോക്ഷം. കാട് തെളിക്കലും അറ്റകുറ്റപണികളും തുടങ്ങി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാൽ ശുചികരണ പണികൾ അതിവേഗത്തിലാണ് നടക്കുന്നത്. പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളിൽ ഭൂരിഭാഗവും വൃത്തിയാക്കി കഴിഞ്ഞു.അഞ്ച് ദിവസങ്ങൾക്കകം സബ് കനാലുകൾ വഴി വെള്ളം തുറന്ന് വിടുമെന്ന് കെ. ഐ. പി അധികൃതർ അറിയിച്ചു.
'കനാൽ വൃത്തിയാക്കിയില്ല , കുടിവെള്ളം കിട്ടാനില്ല " എന്ന് ഈ മാസം 6ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ കനാൽ വൃത്തിയാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു.
കർഷകരുടെ പ്രതീക്ഷ
വേനൽ കാലത്ത് ചേകം ഡിസ്ട്രിബ്യൂട്ടറിയിലടക്കമുള്ള സബ് കനാലുകളിൽ നിന്ന് ലഭിച്ചിരുന്ന വെള്ളം ഉപയോഗിച്ചാണ് പിറവന്തൂർ, പത്തനാപുരം പഞ്ചായത്തിലെ പള്ളിമുക്ക് , നീലിക്കോണം, പാതിരിക്കൽ , ഇടത്തറ,നെടുംപറമ്പ് ,നടുക്കുന്ന് ,മഞ്ചള്ളൂർ, ആനക്കുളം, പുന്നല, അലിമുക്ക്, ചീവോട് പൂവണ്ണമ്മൂട് ,പിറവന്തൂർ ,തച്ചക്കുളം, അഞ്ചു പറപ്പടി, അത്തിക്കൽ ഏലയ്ക്ക, വാഴത്തോപ്പ് പുത്തൻകട ,ഭുതത്താൻ നട, നാരങ്ങാപ്പുറം, ചേകം, ചെന്നില മൺ, എലിക്കാട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ വേനൽക്കാലത്തു കൃഷി ഉൾപ്പടെ നടത്തിയിരുന്നത് . എല്ലാവർഷവും ജനുവരിയിൽ തന്നെ സബ് കനാലുകളിൽ വെള്ളമെത്തിയിരുന്നത് കർഷകർക്കു വലിയ പ്രയോജനമായിരുന്നു.സബ് കനാലുകളിൽ വെള്ളം എത്തുന്നതോടെ കിണറുകളിൽ ഊറ്റിറങ്ങിവെള്ളം എത്തുന്നതിനും കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതിനും മത്സ്യക്കുളങ്ങളിലെ മീനുകൾ ചത്തുപൊങ്ങുന്നതിനും പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കിഴക്കൻ മലയോരവാസികൾ .