
ഇളവിൽ നാടക സമിതികൾക്ക് പ്രതീക്ഷ
കൊല്ലം: ഉത്സവാഘോഷങ്ങളിൽ കൊവിഡ് ഇളവ് വന്നതോടെ പ്രതീക്ഷയിലാണ് കലാസമിതികൾ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമായി നാടകം, ഗാനമേള, നാടൻപാട്ട് കലാസമിതികൾക്ക് ബുക്കിംഗ് വന്നുതുടങ്ങി.
ക്ഷേത്ര കലാരൂപങ്ങൾക്ക് നേരത്തെ തന്നെ ഇളവ് നൽകിയിട്ടുള്ളതിനാൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. നാടകങ്ങൾക്ക് ബുക്കിംഗ് ആരംഭിച്ചെങ്കിലും രാത്രി 10ന് മുമ്പ് അവസാനിപ്പിക്കണമെന്ന പൊലീസ് നിർദ്ദേശം പ്രതിസന്ധിയാണ്. ക്ഷേത്രചടങ്ങുകൾ അവസാനിച്ച ശേഷമേ നാടകം പോലെയുള്ള കലാരൂപങ്ങൾ അവതരിപ്പിക്കാൻ കഴിയുകയുള്ളൂവെന്നിരിക്കെ അല്പം ഇളവുകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കലാകാരന്മാർ.
പഴയതുതന്നെ പൊടിതട്ടി സമിതികൾ
1. സീസൺ പ്രതീക്ഷയില്ലാതിരുന്നതിനാൽ സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലെ റിഹേഴ്‌സൽ പല സമിതികളും ഉപേക്ഷിച്ചിരുന്നു
2. നടൻ തിലകന്റെ അമ്പലപ്പുഴ അക്ഷരജ്വാല ഒഴികെയുള്ള സമിതികൾ മുമ്പ് അവതരിപ്പിച്ച നാടകങ്ങളാണ് തുടരുന്നത്
3. കാളിദാസകലാകേന്ദ്രം 'ചന്ദ്രികയ്ക്ക് മുൻപൊരു കഥ പറയാം' എന്ന നാടകത്തിന്റെ പണിപ്പുരയിൽ
4. ഒ. മാധവന്റെ ചരമദിനമായ ആഗസ്റ്റ് 19ന് നാടകം അരങ്ങിലെത്തും
5. കൊല്ലം അസീസിയും അമ്പലപ്പുഴ സാരഥിയുമുൾപ്പെടെയുള്ള ചില സമിതികളും അടുത്ത സീസൺ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു
6. സംസ്ഥാനത്താകെ 200ലധികം സമിതികളാണ് നാടകം അവതരിപ്പിച്ചിരുന്നത്
നിലവിൽ പ്രവർത്തിക്കുന്നത്
തിരുവനന്തപുരം സൗപർണിക, സംസ്കൃതി, സംഘകേളി, വേദവ്യാസ
കൊല്ലം ആത്മമിത്ര, അനശ്വര
അമ്പലപ്പുഴ അക്ഷരജ്വാല
കോഴിക്കോട് സങ്കീർത്തന, സൃഷ്ടി
ഓച്ചിറ മഹിമ, സരിഗ
കായംകുളം കെ.പി.എ.സി, സപര്യ
വൈക്കം മാളവിക
""
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നാടകം ഉൾപ്പെടെയുള്ളവയ്ക്ക് ബുക്കിംഗ് ലഭിച്ചുതുടങ്ങി. അടുത്തമാസം എല്ലാ സമിതികൾക്കും കുറഞ്ഞത് 20 വേദികളെങ്കിലും ലഭിച്ചേക്കും. നാടകാവതരണത്തിന് രാത്രി സമയപരിധി ദീർഘിപ്പിക്കണം.
വേണു ശ്രീനിലയം, അനശ്വര പ്രോഗ്രാം ഏജൻസി