
പുനലൂർ: തെന്മല ഫോറസ്റ്റ് റേഞ്ചിലെ ആനപെട്ടകോങ്കലിന് സമീപം ട്രെയിനിടിച്ച് കാട്ടുപന്നി ചത്തു. ഇന്നലെ പുലർച്ചെ 5.30 ഓടെ ആനപെട്ടകോങ്കലിന് കിഴക്ക് ഭാഗത്തെ തുരങ്കത്തിന് സമീപത്തായിരുന്നു അപകടം.
തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് കടന്നുവന്ന ട്രെയിനാണ് ട്രാക്ക് മുറിച്ചുകടന്ന കാട്ടുപന്നിയെ ഇടിച്ചിട്ടതെന്ന് സമീപവാസികൾ പറഞ്ഞു. വേനൽ രൂക്ഷമായതോടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. സംഭവം അറിഞ്ഞ് ആനപെട്ടകോങ്കൽ ഫോറസ്റ്റ് സെക്ഷനിലെ വനപാലകരെത്തി പ്രാഥമിക നടപടികൾക്ക് ശേഷം കാട്ടുപന്നിയുടെ ജഡം മറവുചെയ്തു.