കൊല്ലം: ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാനമുന്നേറ്റങ്ങളുടെയും അടയാളപ്പെടുത്തലുകളുള്ള ചരിത്രപ്രസിദ്ധമായ കൊല്ലം പീരങ്കി മൈതാനം കോൺക്രീറ്റ് കൂടാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നില്പ് സമരം സംഘടിപ്പിച്ചു. കൊല്ലം നഗരത്തിലെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കായികപരിശീലനത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള ഇടം കൂടിയാണ് സർക്കാർ ഇല്ലാതാക്കുന്നതെന്ന് കളക്ടറേറ്റിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
ഓഫീസ് സമുച്ചയം നിർമ്മിക്കാൻ നഗര പരിധിയിൽ ധാരാളം സ്ഥലം ലഭിക്കുമെന്നിരിക്കെ, കൊല്ലം നഗരത്തിന്റെ സ്വത്വം ഇല്ലാതാക്കുന്ന അനാവശ്യ നിർമ്മാണ പ്രവൃത്തികൾ ഒഴിവാക്കി പീരങ്കി മൈതാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനം നൽകുമെന്നും വിഷ്ണുസുനിൽ പന്തളം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് കുരീപ്പുഴ അദ്ധ്യക്ഷത വഹിച്ചു. നെസ്ഫൽ കലത്തിക്കാട്, അജു ചിന്നക്കട, സിദ്ദിഖ് കുളമ്പി, ഗോകുൽ, സാജിർ, അൽത്താഫ്, രാഹുൽ, സുൽഫി, ജോൺസൻ, മനു, തുടങ്ങിയവർ നേതൃത്വം നൽകി.