
കൊല്ലം: മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫിയിൽ കൊല്ലം ജില്ലാ പഞ്ചായത്തിനും മുഖത്തല ബ്ലോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം.
തുടർച്ചയായി നാലാം തവണയാണ് ജില്ലാ പഞ്ചായത്ത് ഈ നേട്ടത്തിന് അർഹമാകുന്നത്. 2013-14, 2015-16, 2017-18, 2018-19, 2019-20 വർഷങ്ങളിലും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിനായി പരിഗണിച്ചത്.
ലോക്ക്ഡൗൺ കാലയളവിൽ ബൈപ്പാസ് സർജറി, കീമോ തെറാപ്പി, ഡയാലിസിസ് എന്നിവ മൂലം ബുദ്ധിമുട്ടിയവർക്ക് സാമ്പത്തിക സഹായം നൽകാൻ നടപ്പാക്കിയ സാന്ത്വന സ്പർശം, കർഷകർക്ക് വിത്തുകൾ സൗജന്യമായി വിതരണം ചെയ്ത ഫാം മിത്ര, ഗ്രൂപ്പുകൾക്ക് സബ്‌സിഡി നിരക്കിൽ ആടുകളെ വിതരണം ചെയ്ത അജഗ്രാമം, ഓപ്പൺ ജിംനേഷ്യങ്ങൾ, ചെറുകിട പരമ്പരാഗത വ്യവസായ യൂണിറ്റുകൾക്ക് വിപണന സൗകര്യമൊരുക്കൽ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ജില്ലയിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കാനായി ഏറ്റെടുത്ത അമൃതം ഗമയ തുടങ്ങിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്.
മുഖത്തലയ്ക്ക് അംഗീകാരം രണ്ടാം തവണ
തുടർച്ചയായി രണ്ടാം തവണയാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് സ്വരാജ് പുരസ്കാരം ലഭിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കാർഷിക - ഭവന നിർമ്മാണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഇത്തവണത്തെ പുരസ്കാരം. മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുമ്പന സി.എസ്.എൽ.ടി.സിയിൽ 4560 കൊവിഡ് ബാധിതർക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നൽകിയിരുന്നു. ലൈഫ്- പി.എം.എ.വൈ പദ്ധതിക്കായി 2.35 കോടി ചെലവഴിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് 1.48 കോടി ചെലവഴിച്ചു. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായും പദ്ധതികൾ നടപ്പാക്കി.
കോർപ്പറേഷനും 4 പഞ്ചായത്തുകൾക്കും
മഹാത്മ പുരസ്കാരം
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മികച്ച നിലയിൽ നടപ്പാക്കിയതിനുള്ള സംസ്ഥാനതല മഹാത്മ അയ്യങ്കാളി പുരസ്കാരം കോർപ്പറേഷനുകളുടെ വിഭാഗത്തിൽ കൊല്ലം കോർപ്പറേഷന് ലഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച നിലയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ തലത്തിൽ നൽകുന്ന മഹാത്മ പുരസ്കാരത്തിന് നാല് പഞ്ചായത്തുകൾ അർഹമായി. എഴുകോൺ, കുമ്മിൾ, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് നോർത്ത് പഞ്ചായത്തുകൾക്കാണ് അംഗീകാരം.
""
സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് അഭിനന്ദനാർഹമായ നേട്ടത്തിന് പിന്നിൽ.
അഡ്വ. സാം.കെ. ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്