photo
ചിറ്റുമൂല കോക്കനട്ട് നഴ്സറിയൽ സംഭരിച്ചിരുക്കുന്ന ടിഷ്യുകൾച്ചർ വാഴത്തൈകൾ

കരുനാഗപ്പള്ളി: ടിഷ്യുകൾച്ചർ വാഴ കൃഷിക്ക് നാട്ടിൽ പ്രിയമേറുന്നു. ഏത്തൻ, ഗ്രാൻഡ് നെയിൻ, ചെങ്കദളി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കൃഷി ചെയ്യുന്നത്.

നന്നായി പരിചരിച്ചാൽ ഏത്തനും ഗ്രാൻഡ് നെയിലും ആറ് മാസം കൊണ്ട് വിളവെടുക്കാം. ചെങ്കദളിക്കാണെങ്കിൽ ഒമ്പത് മാസം വേണ്ടി വരും. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചാണകവും ചേർത്ത ജൈവവളമാണ് എറെ ഉത്തമം. അൽപ്പം രാസവളം കൂടി ഉപയോഗിച്ചാൽ കായ്ക്ക് നല്ല മുഴുപ്പ് കിട്ടും. ഇപ്പോൾ ധാരാളം കർഷകർ ടിഷ്യുവാഴകൃഷിയിലേക്ക് തിരഞ്ഞതായിട്ടാണ് കൃഷി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

കഴക്കൂട്ടം ടിഷ്യുകൾച്ചറൽ ലാബിൽ ഉല്പാദിപ്പിക്കുന്ന വാഴകൾ അത്യുല്പാദന ശേഷിയും പ്രതിരോധ ശേഷിയുമുള്ളതാണ്. ലാബിലെ ചില്ലുകുപ്പികളിലാണ് വാഴ വളർത്തുന്നത്. ഫംഗസ് ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ

ചില്ല് കുപ്പികളിൽ വളർത്തുന്നത്. ഒമ്പത് മാസം കഴിയുമ്പോൾ കന്ന് മുളച്ച് ഇലകൾ വന്നു തുടങ്ങും. ഈ സമയത്ത് വാഴത്തൈകൾ ലാബിൽ നിന്ന് സർക്കാർ ഉടമസ്ഥതയിലുള്ള നഴ്സറികൾക്ക് നൽകും. തൈഒന്നിന് 10 രൂപയാണ് വില.

വാഴത്തൈകളെ ചില്ലുകുപ്പിയിൽ നിന്ന് പുറത്തെടുത്ത് അണുമുക്തമാക്കി ചകിരിച്ചോറ് നിറച്ച പ്ലാസ്റ്റിക്ക് ട്രേയിലേക്ക് ആദ്യം മാറ്റും. ഒരു മാസം കഴിയുന്നതോടെ വാഴകൾക്ക് ചെറിയ ഇലകൾ വന്നുതുടങ്ങും. ഇതോടെ തൈകളെ ട്രേയിൽ നിന്ന് മണ്ണ് നിറച്ച പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റി നടും. ഒരു മാസമാകുമ്പോൾ വാഴത്തൈകൾ മണ്ണിലേക്ക് മാറ്റി നടാൻ പാകമാകും.

ഒരു വർഷം കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ നിന്ന് 25000 ത്തോളം വാഴത്തൈകൾ വില്ക്കാറുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒരു വാഴത്തൈക്ക് 20 രൂപയാണ് വില.

ഗുണത്തിൽ

ഒന്നാമൻ

ആധുനിക വാഴകൃഷി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മികച്ച നടീൽ വസ്തുക്കൾ കിട്ടാനില്ല എന്നതാണ്. ഗുണമേന്മയുള്ളതും രോഗങ്ങളില്ലാത്തതുമായ വാഴക്കന്നുകൾ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യയിലൂടെ ഉത്പാദിപ്പിക്കാനാകും.

മാതൃസസ്യത്തിന്റെ തനത് ഗുണങ്ങളോട് കൂടിയതും രോഗപ്രതിരോധ ശേഷിയുള്ള തൈകൾ ഉൽപാദിപ്പിക്കുന്ന സാങ്കേതിക രീതിയാണ് ടിഷ്യുകൾച്ചർ. അണുവിമുക്തമായ അന്തരീക്ഷത്തിൽ ഒരു ചെടിയുടെ കോശത്തിൽ നിന്നോ മറ്റേതെങ്കിലും ഭാഗത്തിൽ നിന്നോ കൃത്രിമ മാധ്യമങ്ങളിൽ പുതിയ തൈകൾ ഉൽപാദിപ്പിച്ചെടുക്കുന്നതാണ് രീതി.

നല്ലയിനം വാഴകളുടെ ടിഷ്യുകൾച്ചർ തൈകൾ വാൻ തോതിൽ ഉത്പാദിപ്പിച്ച് കൃഷി ചെയ്‌താൽ വാഴകളുടെ വിളവ് വർദ്ധിപ്പിക്കാം. എല്ലാ തൈകളും ഒരേ സമയത്തു തന്നെ കുലച്ചു കിട്ടുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഗ്രാൻഡ് നെയിൻ

ആഗോള താരം !

ഇസ്രായേൽ വാഴയിനമാണ് ഗ്രാന്റ് നെയിൻ. വാഴക്കുലയുടെ ലോകവിപണി മുക്കാൽ പങ്കും കയ്യടക്കി വച്ചിരിക്കുന്നത് ഈ ഇനമാണ്. കേരളത്തിലും ഇതിന് നല്ല പ്രചാരമുണ്ട്.

വാഴയ്ക്ക് കാ​റ്റിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. ഒരു കുല ശരാശരി 30 കിലോയോളമുണ്ടാകും. കയ​റ്റുമതി സാദ്ധ്യതയും ഏറെയാണ്.