കൊട്ടാരക്കര: താലൂക്ക് പരിധിയിൽ അനധികൃതമായി നടക്കുന്ന കുന്നിടിക്കലും തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തലും തടയുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ഓൺലൈനായി പുനലൂർ ആർ.ഡി.ഒയുടെ അദ്ധ്യക്ഷതയിൽ നടന്നു. തീരുമാന പ്രകാരം പഞ്ചായത്തുകളിൽ നിന്ന് ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകുന്ന കേസുകളിൽ അന്തിമ പരിശോധന നടത്തുകയും അളവിൽ കൂടുതൽ മണ്ണെടുത്തിട്ടുണ്ടെങ്കിൽ ആ വിവരം ജിയോളജിസ്റ്റിനെ അറിയിക്കുകയും വേണം.
ജിയോളജിസ്റ്റിന്റെ പെർമ്മിറ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് വീണ്ടും അതേ സ്ഥലത്ത് പെർമ്മിറ്റ് പുതുക്കി നൽകേണ്ടതില്ല.അമിത ലോഡ് കയറ്റുന്ന വാഹനങ്ങൾ കർശനമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകി. യോഗത്തിൽ പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര പുനലൂർ ഡിവൈ.എസ്.പിമാർ, കൊട്ടാരക്കര തഹസീൽദാർമാർ, ജിയോളജിസ്റ്റ് ,കൊല്ലം ആർ.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.