fire
fire

കൊല്ലം: വേനൽ കടുത്തതോടെ തീപിടിത്തങ്ങളുടെ എണ്ണം കൂടി. തീയണയ്ക്കാൻ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് കൊട്ടാരക്കര ഫയർ സ്റ്റേഷൻ . കുറ്റിക്കാടുകൾക്കും മറ്റും തീ പടരുന്നതടക്കം ദിവസവും രണ്ടും മൂന്നും കേസുകളിൽ കൊട്ടാരക്കര ഫയർസ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ പോകുന്നുണ്ട്. പുതുവർഷത്തിൽ മാത്രം നാല്പതിൽപരം ഇടങ്ങളിലാണ് തീ കെടുത്തിയത്. കിണറ്റിൽ അകപ്പെടുന്നതും അപകടങ്ങളിൽപ്പെടുന്നതുമായ മറ്റ് സംഭവങ്ങളുമുണ്ട്.

ആശ്രയം രണ്ട് ടാങ്കർ ലോറികൾ മാത്രം

2010ൽ ആണ് കൊട്ടാരക്കരയിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. സ്റ്റേഷൻ വളപ്പിൽ കിണർ കുഴിച്ചും പൈപ്പ് ലൈൻ കണക്ഷൻ എടുത്തുമായിരുന്നു വെള്ളത്തിന് ലഭ്യത ഉറപ്പാക്കിയത്. എന്നാൽ കിണറ്റിലെ ജലം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം രണ്ട് ടാങ്കറുകളിലായി നിറയ്ക്കും. വലിയ തീപിടുത്തമാണെങ്കിൽ മൂന്നും നാലും ടാങ്കറുകളിലെ വെള്ളം വേണ്ടിവരും. ഇവിടെ രണ്ട് ടാങ്കറുകളിലെ വെള്ളം തീർന്നാൽ പിന്നെ ബുദ്ധിമുട്ടാണ്. വഴിയരികിലെ കുളങ്ങളിൽ നിന്നും മറ്റും ജലം ശേഖരിക്കേണ്ട ഗതികേടുണ്ട്. കൂടുതൽ വെള്ളം ശേഖരിച്ചുവയ്ക്കാൻ സംവിധാനവുമില്ല. ആകെയുള്ളത് വെള്ളം സംഭരിക്കാവുന്ന രണ്ട് ടാങ്കർ ലോറികളാണ്. കൂടുതൽ വാഹനം അനുവദിക്കുമെന്ന പ്രഖ്യാപനങ്ങളൊന്നും നടപ്പാകുന്നുമില്ല.

അസൗകര്യങ്ങളുടെ നടുവിൽ

കൊട്ടാരക്കര പുലമൺ തോടിനോട് ചേർന്നാണ് ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടേക്ക് കടന്നുവരാനുള്ള റോഡ് തീർത്തും വീതി കുറഞ്ഞതാണ്. റോഡിൽ വാഹന പാർക്കിംഗ് ഉണ്ടെങ്കിൽ ഫയർഫോഴ്സിന്റെ വാഹനത്തിന് കടന്നുപോകാൻ കഴിയില്ല. അടിയന്തര ഘട്ടങ്ങളിൽ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിട്ടുണ്ട്. ഓഫീസർമാരും ഹോം ഗാർഡുകളുമടക്കം മുപ്പത് പേരാണ് സ്റ്റേഷനിലുള്ളത്. ഇവർക്ക് വിശ്രമ മുറികളോ ഓഫീസ് ജോലികൾ ചെയ്യാനുള്ള സംവിധാനങ്ങളോ പരിമിതമാണ്. ജില്ലയിലെ ഏറ്റവും കൂടുതൽ അഗ്നിരക്ഷ- അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സ്റ്റേഷന് വേണ്ടത്ര ഭൗതിക സാഹചര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ബഡ്ജറ്റിൽ പ്രതീക്ഷ

ഫയർമാൻമാർ അടക്കമുള്ള തസ്തികകളിൽ കൂടുതൽ നിയമനം നടത്തുമെന്ന പ്രഖ്യാപനവും നടന്നിട്ടില്ല. ഉള്ള ഉദ്യോഗസ്ഥരെക്കൊണ്ട് പരമാവധി രാവും പകലും ജോലി ചെയ്യിക്കേണ്ട സ്ഥിതിയാണ്. ഭൗതിക സാഹചര്യങ്ങളൊരുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഫയർ സ്റ്റേഷൻ യാത്രാ തടസമില്ലാത്ത ഭാഗത്തേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്നത് ഗുണകരമാണെന്നാണ് വിലയിരുത്തൽ. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലമായതിനാൽ ഫയർ സ്റ്റേഷന്റെ വികസനകാര്യത്തിന് ബഡ്ജറ്റിൽ പ്രതീക്ഷ അർപ്പിക്കുകയാണ്.