കുന്നത്തൂർ : ശൂരനാട് വടക്ക് പാതിരിക്കൽഅണ നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അണ നവീകരണം നിരവധി തവണ ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ഇടം നേടിയെങ്കിലും എങ്ങുമെത്തിയില്ല.
വേനൽക്കാലത്ത് കർഷകരുടെ മുറവിളി ശക്തമാകുമ്പോൾ വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ടെന്നല്ലാതെ ഒന്നും നടപ്പായില്ല. അണ നവീകരിച്ച് ഷട്ടർ സ്ഥാപിക്കുകയും പുതിയ പാലം (റെഗുലേറ്റർ കം ബ്രിഡ്ജ് ) നിർമിക്കുമെന്ന വാഗ്ദാനവും പതിവുപോലെ ജലരേഖയായി.
രാജഭരണകാലത്ത് സുർക്കി മിശ്രിതം ഉപയോഗിച്ച് പള്ളിക്കലാറിൽ നിർമിച്ചതാണ് പാതിരിക്കൽ അണ. വേനലിൽ ആനയടി,ഓണമ്പിള്ളി, കൊച്ചുപുഞ്ച തുടങ്ങിയ ഏലാകളിൽ കൃഷിക്ക് ആവശ്യമായ വെള്ളമെത്തിച്ചിരുന്നത് ഇവിടെ നിന്നുമാണ്. മാത്രമല്ല, പാതിരിക്കൽ,ആനയടി നിവാസികളുടെ നടപ്പാലം കൂടിയാണിത്. തടയണയുടെ തൂണുകൾക്കിടയിലായി അഞ്ച് കണ്ണറകളുണ്ട്. ഇതിനുകുറുകെ പലകകൾ അട്ടിയിട്ടാണ് വെള്ളം തിരിച്ചുവിട്ടിരുന്നത്.
ഈ വെള്ളം കിലോമീറ്ററുകൾ നീളമുള്ള ചാലുകൾ വഴി കൃഷിയിടങ്ങളിൽ എത്തിക്കുന്നതായിരുന്നു രീതി. എന്നാൽ, കാലപ്പഴക്കത്താൽ അണയും ചാലുകളും തകർന്നു. തൂണുകളിൽ വിള്ളൽ വീണു. ഷട്ടറുകളായി പലകകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഓരോ വേനലിലും പലകകൾ സ്ഥാപിക്കുന്നതിനും മാറ്റുന്നതിനും കർഷകർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പലകകൾ ദ്രവിച്ചതിനാൽ വെള്ളം പൂർണ്ണമായും തടഞ്ഞുനിർത്താനും കഴിയുന്നില്ല.അതുകാരണം ആവശ്യത്തിന് വെള്ളം ഏലാകളിൽ എത്തുന്നുമില്ല. ഇതോടെ കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്.