
കൊല്ലം: കളക്ടറേറ്റിന് സമീപം അഞ്ചുകല്ലുംമൂട്ടിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുത്തടി കന്നിമേൽ കിണറുവിള പടിഞ്ഞാറ്റതിൽ മില്ലേനിയം നഗർ -55ൽ ബാബുവിന്റെ മകൻ രാഹുലാണ് (25) മരിച്ചത്.
ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു അപകടം. ചവറയിൽ നിന്ന് കൊട്ടിയത്തേക്ക് പോയ സ്വകാര്യ ബസ്, തിരുമുല്ലവാരം ഒഴുക്ക് തോട്ടിൽ നിന്ന് കോളേജ് ജംഗ്ഷനിലേയ്ക്ക് വന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡലിൽ ഇടിക്കുകയായിരുന്നു. തെറിച്ച് ബസിനടിയിൽപ്പെട്ട രാഹുലിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. നിറുത്താതെ പോയ ബസിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രക്കാർ മുന്നിൽ തടസമുണ്ടാക്കിയാണ് ബസ് നിറുത്തിച്ചത്. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. രാഹുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എം. കോംമിന് റാങ്കോട് കൂടി വിജയിച്ച രാഹുൽ കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ താത്കാലിക അക്കൗണ്ട് ജോലി ചെയ്യുകയായിരുന്നു. അപകടം നടന്ന അഞ്ചുകല്ലുംമൂട്ടിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് രാഹുലിന്റെ പിതാവ്. അമ്മ: സിന്ധു, സഹോദരൻ: രാജേഷ്.