നിർമ്മാണത്തിന് : 32 ലക്ഷം രൂപ
കടയ്ക്കൽ: സ്ഥലപരിമിതികളുടെ വീർപ്പുമുട്ടലിൽ നിന്ന് കടയ്ക്കൽ പൊലീസ് സ്റ്റേഷന് ആശ്വാസം. രണ്ടാം നില നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി മുല്ലക്കര രത്നാകരൻ എം.എൽ.എ ആയിരിക്കവെ ആസ്തി വികസന ഫണ്ടിൽ നിന്നും 39,40,000 രൂപ അനുവദിച്ചിരുന്നു. ഇതിൽ 32 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. ശേഷിക്കുന്ന തുക ഓഫീസ് ഫർണിഷിംഗിനും മറ്റുമായി ഉപയോഗിക്കും.
സ്ഥലപരിമിതികൾക്ക് പരിഹാരം
കോൺഫറൻസ് ഹാളും വിശ്രമമുറികളും ഓഫീസ് മുറികളും സ്റ്റോർ മുറിയും പാചക സംവിധാനങ്ങളും ടോയ്ലറ്റ് സംവിധാനങ്ങളുമടങ്ങുന്നതാണ് രണ്ടാംനില. ഏറെക്കാലമായി തുടർന്നുവന്ന സ്ഥലപരിമിതികൾക്ക് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. സി.ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കി മാറ്റിയ നാളുമുതൽ സ്ഥല പരിമിതി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. സ്റ്റേഷനോട് ചേർന്നുള്ള പഴയ സർക്കിൾ ഓഫീസ് കെട്ടിടത്തിലേക്ക് ക്രൈം വിഭാഗത്തെ മാറ്റിയിരുന്നുവെങ്കിലും ഈ കെട്ടിടത്തിന്റെ കാലപ്പഴക്കം അപകട ഭീഷണിയായി. ക്രൈം വിഭാഗം തിരികെ സ്റ്റേഷനിൽത്തന്നെ എത്തുകയും ചെയ്തു.
മന്ത്രി സമർപ്പിച്ചു
പൊലീസ് സ്റ്റേഷനന്റെ രണ്ടാംനിലയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂറൽ എസ്.പി കെ.ബി.രവി, അഡീഷണൽ എസ്.പി മധുസൂതനൻ, കൊട്ടാരക്കര ഡിവൈ.എസ്.പി ആർ.സുരേഷ്, സി.ഐ പി.എസ്.രാജേഷ്, ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാപഞ്ചായത്തംഗം ജെ.നജീബത്ത്, ബ്ളോക്ക് പഞ്ചായത്തംഗം സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ശ്യാമ, കെ.എം.മാധുരി, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.രാജേഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വിശ്രമമന്ദിരം നിർമ്മിക്കും
കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനായി വിശ്രമ മന്ദിരം നിർമ്മിക്കും. ഇതിന് ആസ്തിവികസന ഫണ്ടിൽ നിന്ന് തുക വകയിരുത്തിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളുള്ള പുതിയ വാഹനങ്ങളും അനുവദിക്കും.
.മന്ത്രി ജെ.ചിഞ്ചുറാണി