co

കുന്നത്തൂർ: ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിനികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിനകത്ത് എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ തർക്കം നടക്കുന്നതിനിടെ പുറത്തുനിന്നെത്തിയവർ കാമ്പസിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. സംഘർഷം പുറത്തേക്കും നീണ്ടു. കോളേജ് റോഡിലും താലൂക്ക് ഓഫീസ് പരിസരത്തും വിദ്യാർത്ഥികൾ തമ്മിലടിച്ചു. പ്രാദേശിക യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഘർഷത്തിൽ ഇടപെട്ടു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി രേവതി, എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് അക്ബർ, സെക്രട്ടറി നിഥിൻ, സജീവ എസ്.എഫ്.ഐ പ്രവർത്തകയായ ആര്യാ പ്രസാദ് എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ച ശേഷമാണ് സംഘർഷം ആരംഭിച്ചത്. കെ.എസ്.യു പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി മടങ്ങവേ, നേതാക്കളായ അലൻ ജേക്കബ്, അനന്തു മല്ലശേരി, വിഷ്ണു കണ്ണൻ എന്നിവർക്ക് എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള സംഘട്ടനത്തിൽ പരിക്കേറ്റിരുന്നു. തുടർന്നാണ് സംഘർഷം രൂക്ഷമായത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹാഷിം സുലൈമാൻ, ഷെമീർ ഇസ്മയിൽ, യൂണിറ്റ് ഭാരവാഹി അജ്മൽ പറമ്പിൽ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും ആക്രമണം നടന്നു. പുത്തൂർ എസ്.എൻ പുരത്ത് കെ.എസ്.യു പ്രവർത്തകന്റെ വീട് ആക്രമിച്ച സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കോളേജ് അടച്ചു

വിദ്യാർത്ഥി സംഘർഷം പതിവായതോടെ ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ് അടച്ചു. റഗുലർ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.