court

കൊല്ലം: പള്ളിമൺ സ്‌കൂളിന് സമീപം പ്ലസ്ടു വിദ്യാർത്ഥിനിയെ അപമാനിച്ച യുവാവിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻ കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷിച്ചു. പള്ളിമൺ പുനവൂർ ചരുവിള വീട്ടിൽ ശങ്കർ എന്ന് വിളിക്കുന്ന രാഗേഷിനെയാണ് (36) ഒരു വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി കഠിന തടവ് അനുഭവിക്കണം.

കഴിഞ്ഞ വർഷം ജനുവരി 22ന് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ രാഗേഷ് നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. സംഭവം അന്വേഷിച്ച പിതാവിനെ കുട്ടിയുടെ മുന്നിൽ വച്ച് ആക്രമിച്ചു. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു. പി. വിപിൻകുമാറിന്റെ മേൽ നോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ വി.എസ്. രഞ്ജിത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ടി.പി. സോജ തുളസീധരൻ കോടതിയിൽ ഹജരായി.