
ചാത്തന്നൂർ: കള്ളനോട്ട് മാറുന്നതിനിടയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മയ്യനാട് മുക്കം തുണ്ട് അഴകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പരവൂർ കോട്ടപ്പുറം കോങ്ങൽ പ്രതീകയിൽ സുനിയാണ് (39) പിടിയിലായത്.
ബുധനാഴ്ച മീനാട് ഭാഗത്തെ കടകളിൽ സന്ധ്യസമയത്ത് 500 രൂപയുടെ നോട്ടുകൾ മാറുന്നതിനിടെ സംശയം തോന്നി കടക്കാരും നാട്ടുകാരും ചേർന്ന് സുനിയെ തടഞ്ഞുവച്ച് ചാത്തന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.
സുനിയുടെ ബാഗിൽ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്ത ഷീറ്റുകൾ കണ്ടെത്തി. പരവൂരിലെയും മയ്യനാട്ടെയും വീടുകളിൽ നത്തിയ പരിശോധനയിൽ ഒരു പഴയ പ്രിന്റർ കണ്ടെത്തി. ചോദ്യം ചെയ്യലിൽ തിരുവനന്തപുരം സ്വദേശി ബിജുവാണ് മെഷീൻ നൽകിയതെന്ന് സുനി വ്യക്തമാക്കി. എന്നാൽ നൽകിയ വിലാസം തെറ്റായിരുന്നു.
15 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വിവിധ സ്ഥലങ്ങളിൽ ചെലവഴിച്ചിട്ടുണ്ടെന്ന് ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ വ്യക്തമാക്കി. പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ, വി. രേഖ, ഗ്രേഡ് എസ്.ഐ ഷാജി, സി.പി.ഒമാരായ ദിനേശ്, അനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.