
തൊടിയൂർ: കോൺഗ്രസ് നേതാവും മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ പി.എം.സെയ്ദിനെ ഇന്നലെ വൈകിട്ട് ഇടക്കുളങ്ങര പാലോലിക്കുളങ്ങര റെയിവേ ഗേറ്റിന് സമീപം ഒരു സംഘം ആളുകൾ തടഞ്ഞുവച്ച് മർദ്ദിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് മകൻ ഷാഹിർ, സഹോദരീ ഭർത്താവ് സലീം എന്നിവർക്കൊപ്പം അദ്ദേഹം കാറിൽ പോകുകയായിരുന്നു. ഇടക്കുളങ്ങര പാലോലിക്കുളങ്ങര റെയിൽവേ ഗേറ്റിന് സമീപമെത്തിയപ്പോൾ ഒരു ബന്ധുവിനെ കണ്ട് കാർ നിർത്തി സംസാരിക്കുന്നതിനിടെയാണ് സംഭവം. ബുള്ളറ്റിലെത്തിയ രണ്ടു യുവാക്കൾ നേരത്തേ തന്നെ സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തുടർന്ന് സംഘമായെത്തി സെയ്ദിനേയും മകനേയും മർദ്ദിക്കുകയായിരുന്നു. കൂടാതെ സെയ്ദ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ
ഗ്ലാസുകൾ അക്രമിസംഘം അടിച്ചു തകർത്തു. സെയ്ദിനെയും മകനെയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു.