canal

കൊല്ലം: വേനലിൽ കൃഷിയിടങ്ങളെയും ജലാശയങ്ങളെയും നീരണിയിക്കുന്ന കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ നവീകരണമില്ലാതെ നശിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്താതെ കാടുകയറിയ കനാലുകൾ ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.

ജില്ലയുടെ പല സ്ഥലങ്ങളിലും കനാലുകൾ പൊട്ടിപ്പൊളിഞ്ഞതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയാണ്. നിർമ്മാണത്തിലെ അപാകത മൂലം കമ്മിഷൻ ചെയ്യുന്നതിന് മുമ്പ് തന്നെ പദ്ധതി ഉപേക്ഷിച്ച സ്ഥലങ്ങളും ജില്ലയിലുണ്ട്.

അക്വഡേറ്റുകളും നടപ്പാലങ്ങളും ബലക്ഷയം മൂലം തകർച്ചയുടെ വക്കിലാണ്. വിണ്ടുകീറിയ കനാൽ ഭിത്തികളിലൂടെയും അക്വഡേറ്റുകളിലൂടെയും ഒഴുകുന്ന വെള്ളം ചെറുതോടുകളായി രൂപപ്പെട്ട് സമീപ വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം സൃഷ്ടിക്കുന്നു.

കനാൽ മിക്കയിടത്തും കാടുമൂടിയതിനാൽ മാലിന്യം വലിച്ചെറിയാനുള്ള കേന്ദ്രമായി ഇവിടം മാറി. അറവ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് തള്ളുന്നത്. വലിയ ചാക്കിൽ നിറച്ച് തള്ളുന്ന മാലിന്യങ്ങൾ അഴുകി രൂക്ഷ ദുർഗന്ധമാണ് പരത്തുന്നത്. ഇത് കനാൽ വെള്ളവും മലിനമാക്കുന്നു.

മെയിൻ കനാലിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിലും ക്യഷിയിടങ്ങളിലേയ്ക്കെത്തുന്നത് സബ് കനാലുകൾ വഴിയാണ്. സബ് കനാലുകളിൽ ഭൂരിപക്ഷവും തകർന്നും മണ്ണിടിഞ്ഞ് നികന്നും മാലിന്യം മൂടിയും ഒഴുക്ക് തടസപ്പെട്ട നിലയിലാണ്.

ഭൂമിയെ തഴുകി തണുപ്പിക്കും

വേനൽ രൂക്ഷമാകുന്ന ആറുമാസം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 92 വില്ലേജുകൾക്ക് ആശ്വാസമാണ് പദ്ധതി. കൃഷിയിടങ്ങളിൽ ജലം ലഭ്യമാക്കുക മാത്രമല്ല, പതിനായിരക്കണക്കിന് കിണറുകളിലും നിരവധി ജലാശയങ്ങളിലും തോടുകളിലും വാട്ടർ അതോറിട്ടിയുടെ അൻപതോളം ജലസേചന പദ്ധതികളിലും കനാൽ വെള്ളം നീരൊഴുക്ക് സൃഷ്ടിക്കുന്നു. മെയൻ കനാലിൽ നിന്നുള്ള വെള്ളം സബ് കനാലുകൾ വഴിയും ചാലുകീറിയുമാണ് കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോകുന്നത്.


കല്ലട ഇറിഗേഷൻ പദ്ധതി

1. കല്ലടയാറ്റിലെ പരപ്പാറിൽ നദിക്ക് കുറുകെ ഡാം

2. ഒറ്റക്കലിൽ നിന്ന് കനാൽ ഇടതുകരയായും വലതു കരയായും തിരിയുന്നു

3. ഇടതുകര മെയിൻ കനാൽ ജില്ലയിലെ 56.016 കിലോമീറ്റർ താണ്ടി ഇളമ്പള്ളൂരിൽ അവസാനിക്കും

4. വലതുകര കനാൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ 69.752 കിലോമീറ്റർ ദൈർഘ്യമുള്ള കരുനാഗപ്പള്ളിയിലെത്തും

5. 53,​514 ഹെക്ടർ സ്ഥലത്താണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

സംഭരണ ശേഷി ​- 504.92 മില്യൺ ക്യുബിക് മീറ്റർ

ഭരണാനുമതി ലഭിച്ചത് - 1961ൽ

കനാലുകളുടെ ദൈർഘ്യം - 984.157 കിലോമീറ്റർ

""

കനാൽ നവീകരണത്തിന് അടിയന്തര പ്രാധാന്യം നൽകണം. സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ട്. 21ന് പുനലൂരിൽ യോഗം ചേർന്ന് കെ.ഐ. പി സംരക്ഷണസമിതി രൂപീകരിക്കും. തുടർന്ന് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.

എ.പി. ജയൻ, സംസ്ഥാന സെക്രട്ടറി, കിസാൻ സഭ