rl
കുലശേഖരപുരം രണ്ടാം വാർഡിൽ കെ.ഐ.പി കനാൽ പന്നി തോടുമായി സംഗമിക്കുന്ന സ്ഥലം

തഴവ: കല്ലട ജലസേചന കനാലിന്റെ (കെ.ഐ.പി) അശാസ്ത്രീയ നിർമ്മാണം കാരണം കുലശേഖരപുരം രണ്ടാം വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

കുലശേഖരപുരം ആദിനാട് വടക്ക്, നീലികുളം, കോട്ടയ്ക്കുപുറം പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ നിന്ന് വള്ളിക്കാവ് ടി.എസ് കനാലിലേക്ക് വെള്ളമെത്തുന്നത് പന്നിത്തോട് വഴിയാണ്. നിരന്തരമായ കൈയേറ്റവും സംരക്ഷണമില്ലായ്മയും കാരണം വീതി കുറഞ്ഞ പന്നിത്തോട്ടിലേക്ക് കെ.ഐ.പി കനാൽ സംഗമിക്കുന്നത് കോട്ടാടിയിൽ പാലത്തിന് കിഴക്ക് വശം രണ്ടാം വാർഡിലാണ്.

തഴവ,കുലശേഖരപുരം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കെ.ഐ.പി കനാലിനെ

മാലിന്യ നിക്ഷേപിക്കാനുള്ള ഇടമായിട്ടാണ് നാട്ടുകാർ നിലവിൽ ഉപയോഗിച്ചു വരുന്നത്‌. ഇതുകാരണം മഴക്കാലത്ത് വൻതോതിൽ മാലിന്യം കനാലിലൂടെ ഒഴുകി പന്നിത്തോട്ടിലെത്തുന്നതോടെ നീരൊഴുക്ക് തടസപ്പെട്ട് പ്രദേശം വെള്ളക്കെട്ടിലാകുന്നത് പതിവാണ്.

ഓരോ മഴക്കാലത്തും ലോഡുകണക്കിന് പ്ലാസ്റ്റിക്ക് മാലിന്യവും ജൈവാവശിഷ്ടങ്ങളുമാണ് പനിത്തോട്ടിലും പരിസര പ്രദേശങ്ങളിലും കുന്നുകൂടുന്നത്. ഒഴുക്ക് പൂർണമായി നിലയ്ക്കുന്നതോടെ കനാലിലെ മാലിന്യം സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തും. വർഷങ്ങൾക്ക് മുമ്പ് ഉപജീവനത്തിനായി കൃഷിയിറക്കിയിരുന്ന ഏക്കർ കണക്കിന് വയലുകളും പുരയിടങ്ങളും ഇപ്പോൾ ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. കൂടാതെ,​ നൂറ് കണക്കിന് കുടുംബങ്ങൾ വർഷത്തിൽ ആറ് മാസം മലിനജലത്തിന് നടുവിൽ കഴിയേണ്ട അവസ്ഥയിലുമാണ്.

സി.ആർ മഹേഷ് എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പ്രതീക്ഷ. എന്നാൽ,​​ അധികൃതർ പദ്ധതി തന്നെ ഉപേക്ഷിച്ചതായിട്ടാണ് അറിയുന്നത്.

നാട്ടുകാ‌ർക്ക് എന്നും

തലവേദന

1986 ൽ നിർമ്മാണം പൂർത്തിയാക്കിയ കെ.ഐ.പി കനാൽ കമ്മിഷൻ ചെയ്യുന്നതിന് മുമ്പ് ഉപേക്ഷിച്ചതാണ് പ്രധാന പ്രശ്നം. കനാൽ നിർമ്മാണത്തിലെ അശാസ്ത്രീയത ദുരിതത്തിന്റെ ആക്കം കൂട്ടി. പന്നിത്തോട്ടിലേക്ക് കെ.ഐ.പി കനാൽ സംഗമിക്കുന്ന സ്ഥലത്തിന് ആവശ്യമായ വീതിയോ സംരക്ഷണഭിത്തിക്ക് ആവശ്യത്തിന് ഉയരമോ ഇല്ല. ഇതുകാരണം മഴക്കാലത്ത് വെള്ളവും അതിലൂടെ മാലിന്യവും പരിസരത്ത് ഒഴുകിപ്പരക്കും. കെ.ഐ.പി അധികൃതർ പദ്ധതി ഉപേക്ഷിച്ചതോടെ നാട്ടുകാർക്ക് കനാൽ വൻ ബാദ്ധ്യതയും തലവേദനയുമായിരിക്കുകയാണ്.