kuppana

കൊല്ലം: കുപ്പണയിലെ തോപ്പിൽ രവി സ്മാരക സ്തൂപം നാലംഗ സംഘം തകർത്തു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് സ്തൂപം തകർത്തതത്. ഇതേ സംഘം തൊട്ടടുത്തുള്ള കോൺഗ്രസ് തൃക്കടവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹന്റെ വീടിന് നേരെ കല്ലേറും നടത്തി.

രണ്ടാഴ്ച മുമ്പ് തോപ്പിൽ രവി ചരമവാർഷികത്തിന്റെ ഭാഗമായി സ്തൂപം നവീകരിച്ച് പെയിന്റടിച്ചിരുന്നു. പ്രദേശത്ത് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കാര്യമായ അഭിപ്രായവ്യത്യാസങ്ങളുമില്ല. പൊടുന്നനെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പൊലീസ് കാവൽ ശക്തമാക്കി.

കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കല്ലേറിൽ ബൈജു മോഹന്റെ വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകൾ തകർന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നതെന്ന് പ്രവാസി കോൺഗ്രസ് നേതാവായ കുറ്റിയിൽ ഷാജി പറഞ്ഞു.

അഞ്ചാലുംമൂട് പൊലീസ് തെളിവുകൾ ശേഖരിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളെ കുറിച്ച് വിവരം ലഭിച്ചു. പ്രതിഷേധ യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, പി.എസ്. വിഷ്ണുനാഥ് എം.എൽ.എ, കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി തുടങ്ങിയവർ സംസാരിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മുൻ മന്ത്രി ഷിബുബേബിജോൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.