
കൊവിഡ് രോഗികൾ കുറഞ്ഞിട്ടും പിടിവാശി
കൊല്ലം: പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ ഇടിഞ്ഞിട്ടും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒഴിഞ്ഞുനൽകാതെ ജില്ലാ മെഡിക്കൽ ഓഫീസ്.
രോഗികളില്ലാതെ സ്റ്റേഡിയത്തിലെ മുറികൾ ഒഴിഞ്ഞുകിടക്കുമ്പോൾ സ്പോർട്സ് ആക്കാഡമിയിലെ വിദ്യാർത്ഥികൾ പതിനായിരങ്ങൾ ചെലവാക്കി വാടക വീട്ടിലാണ് കഴിയുന്നത്.
കൊവിഡ് ഒന്നാം വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 ജൂലായിലാണ് ഹോക്കി സ്റ്റേഡിയത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ സി.എഫ്.എൽ.ടി.സി ആരംഭിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നവരുടെ എണ്ണം ഉയർന്നതോടെ സെക്കൻഡറി ട്രീറ്റ്മെന്റ് സെന്ററാക്കി ഉയർത്തി.
എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ കാര്യമായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഒമിക്രോൺ വ്യാപനം രൂക്ഷമായപ്പോഴും ഗുരുതര രോഗികളുടെ എണ്ണം ഉയരാഞ്ഞതിനാൽ കാര്യമായി ആളുകളെ പ്രവേശിപ്പിച്ചില്ല. കഴിഞ്ഞ മൂന്നാഴ്ചയായി 15ൽ താഴെ രോഗികളാണുള്ളത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെങ്കിലും ജില്ലാ മെഡിക്കൽ ഓഫീസ് ഹോക്കി സ്റ്റേഡിയത്തിൽ കൊവിഡ് ചികിത്സ തുടരണമെന്ന കാര്യത്തിൽ പിടിവാശി തുടരുകയാണ്.
ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രം
1. ഇവിടുത്തെ താത്കാലിക ജീവനക്കാരെ മാർച്ച് 31 വരെയാണ് നിയമിച്ചിരിക്കുന്നത്
2. അതുവരെ ജോലി നിലനിറുത്താനാണ് കൊവിഡ് ചികിത്സാ കേന്ദ്രം തുടരുന്നത്
3. കൊവിഡ് സെന്റർ നഗരസഭയ്ക്കും കടുത്ത സാമ്പത്തിക ബാദ്ധ്യത
4. രണ്ട് സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ശമ്പളം നൽകണം
5. വൈദ്യുതി ചാർജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും നഗരസഭ
ചികിത്സയിലുള്ള രോഗികൾ: 15
കോടികളുടെ ടർഫ് നശിക്കുന്നു
സ്റ്റേഡിയത്തിലെ മുറികളിൽ കൊവിഡ് രോഗികളുള്ളതിനാൽ ഇതിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരിശീലനം നടക്കുന്നില്ല. ഈ ഭാഗത്ത് ടർഫിന്റെ ഘർഷണം കുറയ്ക്കാൻ വെള്ളം ഉപയോഗിച്ചുള്ള നനയ്ക്കലും നിലച്ചു. അതിനാൽ ടർഫിൽ ഇലയും മരച്ചില്ലകളും വീണ് ദ്രവിച്ച് നശിക്കുകയാണ്. പായലും കയറിത്തുടങ്ങി. കേരളത്തിൽ നിലവിൽ ജി.വി. രാജ സ്കൂളിലും ഇവിടെയും മാത്രമാണ് ഹോക്കി സിന്തറ്റിക് ടർഫുള്ളത്. അതിനാൽ ദേശീയ, സംസ്ഥാന മത്സരങ്ങൾ മറ്റിടങ്ങളിലേക്ക് പോവുകയാണ്.
സിന്തറ്റിക് ടർഫ് ചെലവ് ₹ 4.25 കോടി
""
സായി, സ്പോർട്സ് കൗൺസിൽ, ഹോക്കി അക്കാഡമി എന്നിവിടങ്ങളിലെ താരങ്ങൾ സ്റ്റേഡിയത്തിന്റെ ഒരുവശത്ത് പരിശീലനം നടത്തുന്നുണ്ട്. എന്നാൽ ജില്ലയിലെ വിവിധ സ്കൂളുകളിലെയും ക്ലബുകളിലെയും താരങ്ങളുടെ പരിശീലനം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയിരിക്കുകയാണ്.
ഹോക്കി അക്കാഡമി അധികൃതർ