 
കുണ്ടറ: ജീവിത ദുരിതങ്ങളിൽ വീർപ്പുമുട്ടുന്ന കുമ്പളം പഞ്ചായത്തിലെ പടപ്പക്കര സ്വദേശി ബാലന്റെ കുടുംബത്തിന് വലിയവിള ഫൗണ്ടേഷന്റെ കരുതൽ. മനസിന്റെ താളംതെറ്റിയ ഭാര്യയും വിദ്യാർത്ഥിനിയായ മകളുമടങ്ങുന്നതാണ് ബാലന്റെ കുടുംബം. അപകടത്തിൽപ്പെട്ട് ബാലന്റെ കാലിന് സാരമായി പരിക്കേൽക്കുകയും കൃത്യമായ ചികിത്സ ലഭിക്കാത്തതിനാൽ വ്രണം പഴുത്തുപൊട്ടുന്ന നിലയിൽ നടക്കാൻപോലും ആകാത്ത സ്ഥിതിയാണ്. ഒരു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പടപ്പക്കരയിലെ ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ജീവിതത്തിൽ മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ചതും കടംവാങ്ങിയതും ചേർത്ത് വീട് നിർമ്മാണത്തിന് തുടക്കമിട്ടിരുന്നതാണ്. പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നേരത്തെ വീടുപണി തുടങ്ങിയെന്ന കാരണത്താൽ പട്ടികയിൽ ഉൾപ്പെട്ടില്ല. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം നടക്കില്ലെന്ന സങ്കടത്തിൽ ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് കുണ്ടറ വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോസഫ്.ഡി.ഫെർണാണ്ടസിന്റെ കാരുണ്യം ബാലന്റെ കുടുംബത്തെ തേടിയെത്തിയത്. ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സെന്റ്.ജോസഫ് ഹോംസ് ബാലന്റെ വീട് നിർമ്മാണം പൂർത്തീകരിക്കും. വരുന്ന ഈസ്റ്റർ ദിനത്തിൽ വീട് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി സ്മിത രാജൻ പറഞ്ഞു. റോഡിൽ നിന്നും 25 മീറ്റർ അകലെയുള്ള ബാലന്റെ വീട്ടിലേക്ക് വൈദ്യുതിയും വെള്ളവും എത്തിയ്ക്കുന്നതിനും ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നാണ് ഫൗണ്ടേഷന്റെ അഭ്യർത്ഥന.