കൊട്ടാരക്കര: ചന്തമുക്കിൽ നഗരസഭ ആസ്ഥാനമന്ദിരവും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കാനുള്ള നീക്കം കൂടുതൽ നിയമക്കുരുക്കിലേക്ക്. മുമ്പ് കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് ആയിരിക്കെ ഇവിടെ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിച്ചിരുന്നത് പൊളിച്ച് നീക്കിയിട്ടാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. എന്നാൽ വില്ലേജ് രേഖകളിൽ ഈ ഭൂമി റവന്യൂ പുറമ്പോക്കെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ താലൂക്ക് ഓഫീസിലെ രേഖകളിൽ ഇത് പുറമ്പോക്കാണെന്നുകാട്ടിയതിനൊപ്പം പഞ്ചായത്ത് വകയെന്നും എഴുതി ചേർത്തിട്ടുണ്ട്. കൃത്രിമം കാട്ടിയാണ് ഇത്തരത്തിൽ രേഖയിൽ തിരുത്തൽ വരുത്തിയതെന്നാണ് ആക്ഷേപം.
പാർക്കിംഗ് സ്ഥലത്തോട് ചേരുന്ന ബ്ളോക്ക് പഞ്ചായത്തിന്റെ കെട്ടിടം പൊളിച്ച് നീക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം നഗരസഭ ബ്ളോക്ക് പഞ്ചായത്തിന് നോട്ടീസ് നൽകിയിരുന്നു. കാലപ്പഴക്കമില്ലാത്ത കെട്ടിടം പൊളിച്ച് നീക്കുന്നത് കൂടുതൽ നിയമ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. രണ്ട് വർഷം മുൻപും ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയ കെട്ടിടം അത്രപെട്ടെന്ന് പൊളിച്ച് നീക്കാൻ കഴിയുകയില്ല. കെട്ടിടം ഉപയോഗ യോഗ്യമല്ലെന്നും തകർച്ചയിലാണെന്നും കാട്ടി പൊതുമരാമത്ത് കെട്ടിട വിഭാഗം അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതടക്കമുള്ള കടമ്പകൾ കടക്കുന്നത് പ്രയാസകരമാകും. ഈ നിലയിൽ തർക്കങ്ങളും കേസും നിയമക്കുരുക്കുകളും നിലനിൽക്കെ കെട്ടിട നിർമ്മാണത്തിന് തുടക്കമിടാനാണ് നഗരസഭ ഭരണസമിതിയുടെ നീക്കം. നിർമ്മാണ ഉദ്ഘാടന ചടങ്ങിനും മറ്റുമായി വലിയ തുക ചെലവിടാനുള്ള തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്.
പ്രതിഷേധം വ്യാപകം
പട്ടണത്തിലെ ഏക പാർക്കിംഗ് ഗ്രൗണ്ടിൽ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനെതിരെ ബി.ജെ.പി കോടതിയെയും സമീപിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണം ഗതാഗത കുരുക്കിന് ഇടയാക്കുമെന്നും പട്ടണത്തിലെ പാർക്കിംഗ് പ്രതിസന്ധി സൃഷ്ടിക്കുമെന്നും റവന്യൂ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നുമാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 21ന് കേസിൽ കോടതി വാദം കേൾക്കും. ചന്തമുക്കിൽ നഗരസഭയുടെ കെട്ടിടം പണിയുന്നതിനെതിരെ പൊതുജന പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. പൊതുഇടം സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ ഭരണകക്ഷി അംഗങ്ങൾ ഉൾപ്പടെ പങ്കെടുത്തിരുന്നു.