
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഹാനികരമാണ്. കാർബൺഡൈ ഓക്സൈഡും മീഥേൻ വാതകവും ഭൂമിയുടെ താപനില ഉയർത്തും. ഈ വാതകങ്ങൾ പകുതിയിലേറെയും മോട്ടോർ വാഹനങ്ങൾ പുറന്തള്ളുന്നവയാണ്. ഇവ ശ്വസിച്ച് കാൻസറും ഹൃദയസംബന്ധമായ രോഗങ്ങളും വന്ന് മരിക്കുന്ന ലക്ഷങ്ങളേറെ. മോട്ടോർ വാഹന മലിനീകരണം കുറയ്ക്കാൻ ഏതാണ്ട് പതിനെട്ടു വ്യത്യസ്ത മാർഗങ്ങളുണ്ടായിട്ടു പോലും ഒന്നും നടക്കുന്നില്ല.
മാതൃകയാക്കാം വയർലസ് ചാർജിംഗ്
കേബിളുകളും വയറുകളും ഉപയോഗിക്കാതെ വൈദ്യുതി ഉപകരണങ്ങൾ ചാർജ് ചെയ്യുന്ന രീതിയാണ് വയർലസ് ചാർജിംഗ്. ഈ സാങ്കേതിക വിദ്യ മൂന്ന് തരത്തിലുണ്ട്. ഇൻഡക്ടീവ് ചാർജിംഗ്, റേഡിയോ ചാർജിംഗ്, അനുരണന ചാർജിംഗ് എന്നിവയാണിവ. ഈ രീതികൾ ഉപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമേ ഇലക്ട്രിക് കാറുകളും ബസുകളും സ്മാർട്ട് ഫോണുകളും റീചാർജ് ചെയ്യാം. സ്വീഡനിലെ ഗോട്ലാന്റ് ദ്വീപിലെ വിമാനത്താവളത്തിലേക്കുള്ള 4.1 കിലോമീറ്റർ ദൈർഘ്യമുള്ള സ്മാർട്ട് റോഡിൽ വയർലസ് ചാർജിംഗ് സംവിധാനമുണ്ട്. വയർലസ് ചാർജിംഗിലൂടെ ഒന്നിലധികം ടാക്സികൾ ഒരേ സമയം റീ ചാർജ് ചെയ്യാൻ കഴിയും. അതേപോലെ ദീർഘദൂര ബസുകൾ, ട്രാൻസ്പോർട്ട് ബസുകൾ തുടങ്ങിയവയെല്ലാം ഓടിക്കൊണ്ടിരിക്കുമ്പോൾ ചാർജ് ചെയ്യാൻ സാധിക്കും.
നമ്മുടെ നാട്ടിൽ കേബിളുകൾ പ്ലഗ് ചെയ്ത് ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ മണിക്കൂറുകളാണ് വേണ്ടിവരുന്നത്. ഇതിന് ചാർജിംഗ് സെന്ററുകളും വേണം. എന്നാൽ ഫ്ളാറ്റിൽ താമസിക്കുന്നവർക്കായി വയർലസ് ചാർജിംഗിനുള്ള സ്മാർട്ട് റോഡുകൾ ഏറെ സൗകര്യപ്രദമായിരിക്കും.
പാരിസ്ഥിതിക സുസ്ഥിരതയ്ക്കുവേണ്ടി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ അമേരിക്കയിലെ മിഷിഗണിനടുത്ത് ഡെട്രോയിറ്റിൽ ഏതാണ്ട് രണ്ടു കിലോമീറ്റർ നീളമുള്ള സ്മാർട്ട് റോഡ് ഈ വർഷം നിർമ്മിക്കും. ഇസ്രായേലിലെ റോഡു നിർമ്മാണ കമ്പനിയുമായി സഹകരിച്ചാണിത്. ഇപ്പോൾ ഇസയിലും സ്വീഡനിലും ഇറ്റലിയിലും സ്മാർട്ട് റോഡുകളുണ്ട്. ഓടിക്കൊണ്ടിരിക്കുമ്പോൾ ചാർജ് ചെയ്യാൻ കഴിവുള്ള കാറുകൾ ദക്ഷിണകൊറിയ, ഉടൻ പുറത്തിറക്കും.
റോഡിൽ ടാറിട്ട ഭാഗത്തിന് താഴെ കോപ്പർ കോയിലുകൾ സ്ഥാപിക്കും. ഇത് സമീപത്തെ വൈദ്യുതി ഗ്രിഡിൽ നിന്ന് റോഡിലോട്ട് വൈദ്യുതോർജ്ജം കൈമാറുന്നതിനും റോഡിലൂടെ ഓടുന്ന വാഹനങ്ങളുമായി ആശയവിനിമയം നടത്താനുമാണ്. വാഹനങ്ങളുടെ ബാറ്ററിയിലേക്ക്, ഓടിക്കൊണ്ടിരിക്കുമ്പോൾ ഊർജ്ജം കൈമാറാനായി അവയുടെ തറയിൽ റിസീവറുകൾ സ്ഥാപിക്കും. ഇതിലൂടെ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾതന്നെ ചാർജ് ചെയ്യപ്പെടും. ഇതിന് ക്ലൗഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയ്ക്ക് കേരളം മാതൃകയാവും ഇതിവിടെ നടപ്പാക്കിയാൽ.
ഒഴിവാക്കാം, വൈദ്യുതി വിസ്ഫോടനം
വയർലസ് ചാർജിംഗ് നടപ്പാക്കിയാൽ വൈദ്യുതി വിസ്ഫോടനം ഒഴിവാക്കാം. ബസുകളിൽ ചെറിയ ബാറ്ററികൾ മതിയാകും. യാത്രക്കാർക്ക് കൂടുതൽ ഇടം ലഭിക്കും. വാഹനങ്ങൾ ഒരിടത്ത് നിറുത്തി ചാർജ് ചെയ്യുന്ന സമയം ലാഭിക്കാം. വാഹനങ്ങൾ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതു മായിരിക്കും. ചുരുക്കം ചില ദോഷവശങ്ങൾ വയർലസ് ചാർജിംഗിന് ഉണ്ടെങ്കിലും ഇത് കാലത്തിന്റെ ആവശ്യമാണ്.
ഡോ. വിവേകാനന്ദൻ പി. കടവൂർ